ADVERTISEMENT

തൊടുപുഴ ∙ കട്ടപ്പന റൂറൽ ഡവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുൻപിൽ ജീവനൊടുക്കിയ നിക്ഷേപകന്റെ ആത്മഹത്യക്കുറിപ്പിൽ പേരുപറയുന്ന സൊസൈറ്റി ജീവനക്കാരെ പൊലീസ് ഇന്നു ചോദ്യം ചെയ്തേക്കും. നിക്ഷേപകനായ സാബുവിനെ കോഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയിലെ അംഗമായ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശവും ഇന്നലെ പുറത്തുവന്നു.

നിക്ഷേപത്തുക തിരിച്ചെടുക്കാൻ എത്തിയപ്പോൾ സൊസൈറ്റി ജീവനക്കാരെ കയ്യേറ്റം ചെയ്‌തെന്ന ആരോപണം തെറ്റാണെന്ന് സാബു ഈ നേതാവിനോടു പറയുമ്പോൾ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണെന്നു ഭീഷണിപ്പെടുത്തുന്നതായി ഇതിൽ കേൾക്കാം. ‘നിങ്ങൾ അനുഭവിക്കുമ്പോൾ അറിഞ്ഞോളു’മെന്നും ഭീഷണി ഉയർത്തുന്നുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കും. 

വായ്പയിനത്തിൽ 20 കോടി കിട്ടാനുണ്ടെന്ന് സൊസൈറ്റി 

കട്ടപ്പന ∙ വ്യാപാരിയുടെ മരണവുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ കുറിപ്പിൽ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരാമർശിക്കാതെ റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റി. കാർഷിക, വ്യാപാര മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് 20 കോടിയിലേറെ രൂപ വായ്പയിനത്തിൽ പിരിഞ്ഞുകിട്ടാനുണ്ടെന്നു ഭരണസമിതി അറിയിച്ചു. 

സാബുവും ഭാര്യ മേരിക്കുട്ടിയും 2012 മുതൽ സംഘത്തിൽ ഇടപാടുകൾ നടത്തിവന്നിരുന്നെന്നും 2020 വരെ പലതവണയായി 63 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെന്നും പ്രസിഡന്റ് എം.ജെ.വർഗീസും സെക്രട്ടറി റെജി ഏബ്രഹാമും പത്രക്കുറിപ്പിൽ വ്യക്തമാക്കി. 2020 ജൂണിൽ മുഴുവൻ തുകയും പിൻവലിച്ചെങ്കിലും പിന്നീടുള്ള മാസങ്ങളിൽ പലതവണയായി 90 ലക്ഷം രൂപ നിക്ഷേപിച്ചു. 2023 ഒക്ടോബറിൽ 35 ലക്ഷം രൂപയും പിന്നീടു പലപ്പോഴായി 10 ലക്ഷം, 5 ലക്ഷം, 3 ലക്ഷം, 1.5 ലക്ഷം എന്നിങ്ങനെയും പിൻവലിച്ചു. അവശേഷിക്കുന്ന 12 ലക്ഷത്തോളം രൂപ ഓരോ മാസവും തവണകളായി നൽകാമെന്നു ധാരണയുണ്ടായിരുന്നു. കഴിഞ്ഞ 12, 16 തീയതികളിൽ 1,20,000 രൂപ നൽകി. ജീവനക്കാരുമായി നല്ല ബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നും നേതൃത്വം വ്യക്തമാക്കുന്നു.

English Summary:

Investor's Death: A Kattapana investor's suicide outside a cooperative society sparks a police investigation after an audio message reveals threats from a CPM leader. The society faces a ₹20 crore loan crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com