ജില്ലാ സെക്രട്ടറിയുടെ വിപ്പ് ലംഘിച്ച സിപിഎം പഞ്ചായത്ത് അംഗങ്ങൾക്ക് സസ്പെൻഷൻ
Mail This Article
പത്തനംതിട്ട ∙ പഞ്ചായത്തിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത സിപിഎമ്മിന്റെ 4 അംഗങ്ങളെ പാർട്ടിയുടെ അംഗത്വത്തിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. പ്രമേയം അവതരിപ്പിച്ച സിപിഎം അംഗം റെൻസിൻ കെ.രാജനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നതിനും അംഗങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും കഴിഞ്ഞദിവസം നടന്ന ലോക്കൽ കമ്മിറ്റിയിൽ തീരുമാനമായി.
സിപിഎമ്മിലെ 4 അംഗങ്ങൾ ചേർന്നാണ് പ്രസിഡന്റ് സി.എസ്. ബിനോയിക്കും വൈസ് പ്രസിഡന്റ് ഷെറിൻ റോയിക്കും എതിരെ അവിശ്വാസം കൊണ്ടുവന്നത്. സിപിഎം വിമതനായി വിജയിച്ചതാണ് സി.എസ്. ബിനോയി. കോൺഗ്രസ് വിമതയാണ് ഷെറിൻ റോയി. ബിജെപിയുമായി കൈകോർത്താണ് പഞ്ചായത്ത് ഭരണമെന്ന് ആരോപിച്ചാണ് സിപിഎമ്മിലെ 4 അംഗങ്ങൾ അവിശ്വാസ പ്രമേയം നൽകിയത്.
സിപിഎം പ്രവർത്തകരും പഞ്ചായത്ത് അംഗങ്ങളും എന്ന നിലയിൽ തങ്ങളുടെ ആവശ്യങ്ങൾ പലതവണ പാർട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാതെ വന്നതോടെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് റെൻസിൻ കെ.രാജൻ പറഞ്ഞു.
തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല സ്ഥിരം സമിതി അധ്യക്ഷൻ ആർ.കൃഷ്ണകുമാറിന്. നൽകി പഞ്ചായത്ത് സെക്രട്ടറി ഇന്നലെ ഉത്തരവ് നൽകിയിട്ടുണ്ട്.