കട്ടിലിലൊതുങ്ങി ഈ ജീവിതം; അപകടത്തിൽ പരുക്കേറ്റ ഓട്ടോ ഡ്രൈവർ 2 വർഷമായി കിടക്കയിൽ
Mail This Article
കാഞ്ഞൂർ (എറണാകുളം) ∙ 2 വർഷം മുൻപാണു വർഗീസ് അവസാനമായി ഓട്ടോറിക്ഷ ഓടിച്ചത്. അന്നു ജീവിതവും വാഹനവും തകർത്ത അപകടത്തിനു ശേഷം വർഗീസ് എഴുന്നേറ്റിട്ടില്ല. ശരീരം തളർന്നു കിടക്കുന്ന വർഗീസിനു സഹായവുമായി വീട്ടിലെ കട്ടിലിനരികിൽ ഭാര്യ സിൽവി മാത്രം.
ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് 6 മാസത്തെ വിശ്രമത്തിനു ശേഷം വീണ്ടും ഓട്ടോ ഓടിച്ചു തുടങ്ങിയപ്പോഴാണ് പരുത്തിച്ചോട് പടയാട്ടി വർഗീസ് (58) അപകടത്തിൽപെട്ടത്. 2022 ഡിസംബർ 11ന് എംസി റോഡിൽ വേങ്ങൂർ പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം.
4 വാഹനങ്ങളെ മറികടന്ന് എതിർദിശയിൽ കാർ പാഞ്ഞുവരുന്നതു മാത്രമേ വർഗീസിന് ഓർമയുള്ളൂ. ബോധം തെളിയുമ്പോൾ ഐസിയുവിൽ കിടക്കുകയാണ്. ഓട്ടോയിൽ ഉണ്ടായിരുന്ന കന്യാസ്ത്രീകളിലൊരാൾക്കും പരുക്കേറ്റിരുന്നു.
10 ദിവസം ഐസിയുവിൽ കിടന്ന വർഗീസിനെ പിന്നീടു പല ആശുപത്രികളിൽ ചികിത്സിച്ചെങ്കിലും ഭേദമില്ലാത്തതിനാൽ വീട്ടിൽ തിരികെയെത്തിച്ചു. ദിവസേനയുള്ള ഫിസിയോതെറപ്പിയിൽ ഇപ്പോൾ കൈയ്ക്കും കാലിനും ചലനം വച്ചു തുടങ്ങി. കാലുകൾ നീട്ടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടലുണ്ടായതിനെത്തുടർന്നു സ്റ്റീൽ ഇട്ടിരിക്കുകയാണ്. ഹൃദയചികിത്സയുടെ മരുന്നുകളും തുടരുന്നു.
അപകടത്തിന്റെ കേസ് തുടരുന്നതിനാൽ അതുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും കിട്ടിയിട്ടില്ല. സഹായത്തിന് എപ്പോഴും ആൾ വേണ്ടതിനാൽ ഭാര്യയ്ക്കു ജോലിക്കു പോകാനാകുന്നില്ല. സുമനസ്സുകളുടെ സഹായത്തോടെയാണു ചികിത്സ നടത്തുന്നത്. 2 പെൺമക്കളുടെയും വിവാഹം അപകടത്തിനു മുൻപേ കഴിഞ്ഞിരുന്നു. മരുമക്കളും കഴിയുന്ന രീതിയിൽ സഹായിക്കുന്നുണ്ടെങ്കിലും ആകുലതകൾ അകലുന്നില്ല.