ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കെ ട്രാക്കിൽവീണ് യാത്രക്കാരൻ മരിച്ചു
Mail This Article
തൃശൂർ ∙ ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലേക്കു വീണു യാത്രക്കാരനു ദാരുണാന്ത്യം. എറണാകുളം ആലുവ യുസി കോളജിനു സമീപം മടിയപടി കനാൽ റോഡ് സ്വസ്തിയിൽ സുരേഷ് നാരായണ മേനോൻ (53) ആണു മരിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ റെയിൽവേ പൊലീസ് ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
എറണാകുളത്തു നിന്നു ബെംഗളൂരുവിലേക്കു പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിൻ രാവിലെ 10.34ന് ആണു തൃശൂർ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നു നീങ്ങിത്തുടങ്ങിയത്. ട്രെയിൻ ഓടാൻ തുടങ്ങിയതു കണ്ടു സുരേഷ് നാരായണ മേനോൻ പ്ലാറ്റ്ഫോമിലെ കടയുടെ സമീപത്തു നിന്ന് ഓടിയെത്തി വാതിലിനരികിലെ കൈപ്പിടിയിൽ പിടിച്ചുകൊണ്ടു ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കൈ വഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലെ വിടവിലൂടെ താഴേക്കു പതിച്ചു. ആളുകൾ ബഹളം കൂട്ടിയതിനെത്തുടർന്ന് ഉടൻ ട്രെയിൻ നിർത്തി. അരയ്ക്കു താഴേക്കു ഗുരുതര പരുക്കേറ്റിരുന്നു. ഇദ്ദേഹം തൃശൂർ സ്റ്റേഷനിൽ നിന്നു യാത്ര പുറപ്പെടാൻ ശ്രമിച്ചതാണോ എറണാകുളത്തു നിന്നുള്ള യാത്രയ്ക്കിടെ വെള്ളമോ മറ്റോ വാങ്ങാൻ പ്ലാറ്റ്ഫോമിലിറങ്ങിയതാണോ എന്നു വ്യക്തമല്ല. തൃശൂർ സ്റ്റേഷനിൽ ട്രാക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽപ്പെട്ടു വനിതാ കണ്ടക്ടറുടെ കാൽപാദങ്ങളറ്റ സംഭവമുണ്ടായിട്ട് അധികനാളായിട്ടില്ല.