വനനിയമ ഭേദഗതി: കേരള കോൺഗ്രസ് (എം) മുഖ്യമന്ത്രിയെക്കണ്ട് അതൃപ്തി അറിയിക്കും
Mail This Article
കോട്ടയം ∙ കേരള വനനിയമ ഭേദഗതി കരട് വിജ്ഞാപനത്തിൽ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് അതൃപ്തി അറിയിക്കാൻ ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം). വിഷയത്തിൽ പാർട്ടിയുടെ അതൃപ്തി എംഎൽഎമാരോടൊപ്പം ചെയർമാൻ ജോസ് കെ.മാണി എംപി ഇന്നു വൈകിട്ട് മുഖ്യമന്ത്രിയെ നേരിട്ടു കണ്ടായിരിക്കും അറിയിക്കുക.
ഉടുമ്പൻചോലയിലും ഇടുക്കിയിലും ഇന്നു നടക്കുന്ന മന്ത്രിതല പരാതിപരിഹാര അദാലത്തിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യമന്ത്രിയെ നേരിട്ടു കാണുന്ന സംഘത്തിലുണ്ടാകില്ല. വിഷയത്തിൽ പിന്നാക്കം പോകേണ്ടതില്ലെന്നാണു പാർട്ടിയുടെ തീരുമാനം. മുനമ്പം വിഷയത്തിലും ഇടതു മുന്നണിയിൽ എതിരഭിപ്രായവുമായി ആദ്യം രംഗത്തെത്തിയതു കേരള കോൺഗ്രസ് (എം) ആണ്.
വനനിയമ ഭേദഗതി കരട് വിജ്ഞാപനത്തിനെതിരെയും ആദ്യം ശബ്ദമുയർത്തിയതു ജോസ് കെ.മാണിയാണ്. തുടർന്നാണു പ്രതിപക്ഷകക്ഷികളും മറ്റു സംഘടനകളും രംഗത്തെത്തിയത്. പാർട്ടിക്കു കൂടുതൽ വേരോട്ടമുള്ള മേഖലകളിൽ അണികളെ എതിരാക്കുന്ന നിലപാടുകൾ ഇടതുമുന്നണിയിൽ നിന്നു പലപ്പോഴും ഉണ്ടാകുന്നതിൽ പാർട്ടി നേതൃത്വത്തിനു നീരസമുണ്ട്. അതിനാലാണു പാർട്ടി എംഎൽഎമാരോടൊപ്പം ചെയർമാൻ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു നിലപാടു വ്യക്തമാക്കുന്നത്.
ജനങ്ങളെ നേരിടാനല്ല വന്യജീവികളെ നേരിടാനാണു നിയമനിർമാണം വേണ്ടതെന്നാണു കേരള കോൺഗ്രസി (എം)ന്റെ നിലപാട്. സംസ്ഥാനത്തു വനാതിർത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ 1.30 കോടി കർഷകരെ അവരുടെ കൃഷിയിടങ്ങളിൽ നിന്നു കുടിയിറക്കി വന്യജീവികൾക്കായി വനവിസ്തൃതി വർധിപ്പിക്കുകയെന്ന ഒരു വിഭാഗം ഉന്നത ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ഗൂഢപദ്ധതിയാണു കരട് വിജ്ഞാപനമെന്നും വന്യജീവി ആക്രമണഭയം വളർത്തി വനാതിർത്തിയിലെ കൃഷിയിടങ്ങളിൽ നിന്ന് എങ്ങനെയും കർഷകരെ കുടിയിറക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും കേരള കോൺഗ്രസ് (എം) ആരോപിക്കുന്നു. എന്നാൽ വനനിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം അടുത്ത നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കിയെടുക്കാനാണു വനംവകുപ്പിന്റെ ശ്രമം. മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ഈ നീക്കം റദ്ദാക്കണമെന്നാണു കേരള കോൺഗ്രസി(എം)ന്റെ പ്രധാന ആവശ്യം.