‘നടയിൽ ഒരാൾ നിൽക്കുന്നതു കണ്ടു; അടുത്തെത്തിയപ്പോഴാണ് പപ്പ തൂങ്ങിനിൽക്കുകയാണെന്നു മനസ്സിലായത്’
Mail This Article
ജീവിതത്തിലേക്ക് അപ്രതീക്ഷിതമായെത്തിയ ദുരന്തത്തെ ചങ്കുറപ്പോടെ നേരിടുകയാണു സാബുവിന്റെ ഭാര്യ മേരിക്കുട്ടി. ശസ്ത്രക്രിയയുടെ വേദനയിലും ഭർത്താവിന്റെ മരണത്തിലുമുള്ള ഉള്ളുനീറ്റലിലാണവർ. മേരിക്കുട്ടി സംസാരിക്കുന്നു:
Q ഡിസംബർ 20ന് എന്താണു സംഭവിച്ചത്?
A സാധാരണയായി വീടിനു മുന്നിലെ കട രാവിലെ 7നു തുറക്കാറുള്ളതാണ്. അന്നു രാവിലെ സാബുവിനെ വീട്ടിൽ കണ്ടില്ല. ഫോൺ എടുക്കാതെ പോകുകയുമായിരുന്നു. ആശുപത്രിയിലായിരുന്ന എന്നെ ഇളയ മകൻ അഭിൻ വിളിച്ചറിയിച്ചു. ബാഡ്മിന്റൻ കളിക്കാൻ പോകാറുള്ളതിനാൽ അവിടെ അന്വേഷിച്ചെങ്കിലും കണ്ടില്ല. പിന്നെ ടൗണിൽ തിരഞ്ഞു. പൈസ കിട്ടുന്ന ലക്ഷണമില്ലാത്തതിനാൽ ബാങ്കിനു മുന്നിൽ കുത്തിയിരിക്കാൻ പോകുകയാണെന്നു സാബു തലേന്നു പറഞ്ഞിരുന്നു. അതിനാലാണ് അവിടെ കാണുമെന്നു സംശയിച്ചു മകൻ പോയത്. ഒന്നാംനിലയുടെ നട കയറവേ എതിർവശത്തെ നടയിൽ ഒരാൾ നിൽക്കുന്നതു കണ്ട് ഓടിച്ചെന്നപ്പോൾ പപ്പയായിരുന്നു. അടുത്തെത്തിയപ്പോഴാണു തൂങ്ങിനിൽക്കുകയാണെന്നു മനസ്സിലായത്. നിശ്ചലനായിപ്പോയ അവൻ പപ്പയെ കെട്ടിപ്പിടിച്ച് 15 മിനിറ്റോളം നിന്നു. അടുത്ത് ആരുമില്ലാത്തതിനാൽ എന്തു ചെയ്യണമെന്ന് അറിയാതായി. ആരുടെയോ ഒച്ച കേട്ട് ഓടിച്ചെന്ന് അവരെ കൂട്ടിക്കൊണ്ടുവന്നാണു കയർ അഴിച്ചു താഴെ കിടത്തിയത്.
Q ബിസിനസ് തുടങ്ങാനുള്ള സാഹചര്യം?
A സാബു 14 വർഷം മധ്യപ്രദേശിൽ ജോലി ചെയ്തിരുന്നു. 2000ൽ വിവാഹത്തിനുശേഷം ഞാനും 8 വർഷം അവിടെയുണ്ടായിരുന്നു. അധ്യാപികയായി ജോലി ചെയ്തു. പിന്നീടു സാബു ഓസ്‌ട്രേലിയയിൽ പോയി. ഞാൻ നാട്ടിലേക്കു മടങ്ങി. ഓസ്‌ട്രേലിയയിൽ കൺവെയർ ബെൽറ്റ് സൂപ്പർവൈസർ തസ്തികയിൽ 4 വർഷത്തോളം ജോലി ചെയ്തു. പാറക്കടവിൽ വീടു വാങ്ങി. പിന്നീടു നാട്ടിൽ തിരിച്ചെത്തി 2010ൽ കട ആരംഭിച്ചു. വീണ്ടും സാബു ഓസ്‌ട്രേലിയയിലേക്കു പോയെങ്കിലും 4 മാസം മാത്രമേ ജോലി ചെയ്തുള്ളൂ. ജോലിഭാരവും ശാരീരിക ബുദ്ധിമുട്ടുകളും രക്ഷിതാക്കളുടെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്തു മടങ്ങിയെത്തി. സാബുവിന്റെ അമ്മ ത്രേസ്യാമ്മ (92) പക്ഷാഘാതത്തെത്തുടർന്ന് ഒന്നരവർഷമായി കിടപ്പിലാണ്. അച്ഛൻ തോമസും (94) ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നു.
Q പ്രശ്നങ്ങൾ എന്നു മുതൽ?
A കഞ്ഞിക്കുഴിയിലെ കുടുംബവിഹിതം വിറ്റ് വെള്ളയാംകുടിയിൽ വീടു വാങ്ങാനായി സൊസൈറ്റിയിലെ നിക്ഷേപം ഒന്നരവർഷം മുൻപു തിരിച്ചുചോദിച്ചതോടെയാണു പ്രശ്നങ്ങൾ ആരംഭിച്ചത്. പണം നൽകാതെ സൊസൈറ്റിക്കാർ ഒരുപാടു ദ്രോഹിച്ചു. പലപ്പോഴും അവിടെനിന്നു കരഞ്ഞുകൊണ്ടാണ് ഇറങ്ങിയത്. സൊസൈറ്റി ഭരിക്കുന്നത് സിപിഎം ആയതിനാൽ അവർ എന്തെങ്കിലും ചെയ്യുമോയെന്നു ഭയമുണ്ടായിരുന്നു. കുടുംബത്തിൽനിന്നു വിട്ടുനിൽക്കുന്നതു സാബുവിന് ഏറെ വിഷമമുള്ള കാര്യമാണ്. അങ്ങനെയുള്ള ഒരാൾ ഇതുപോലെ ചെയ്യണമെങ്കിൽ അത്രമാത്രം മാനസികപ്രയാസം നേരിട്ടിട്ടുണ്ട്.
കച്ചവടം മോശമായതിനാൽ പാറക്കടവിലെ വീട് വാടകയ്ക്കു നൽകിയിരിക്കുന്നു. 24,000 രൂപ വാടക കിട്ടുമെങ്കിലും നിലവിൽ താമസിക്കുന്ന വീടിനും കടയ്ക്കുമായി 15,000 രൂപ വാടക കൊടുക്കണം. സ്വർണം പണയപ്പെടുത്തിയ വകയിൽ 9 ലക്ഷത്തോളം രൂപ ബാധ്യതയുണ്ട്. രക്ഷിതാക്കളുടെയടക്കം ചികിത്സയ്ക്കും തുക കണ്ടെത്തണം. മൂത്ത മകൻ അലൻ ബിരുദവിദ്യാർഥിയും അഭിൻ പ്ലസ്ടു വിദ്യാർഥിയുമാണ്. അവരുടെ തുടർപഠനത്തിനും പണം വേണം. കുറച്ചു വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിൽ വെള്ളയാംകുടിയിലെ വീട് റിസോർട്ട് ആക്കിയെങ്കിലും പണമില്ലാത്തതിനാൽ പണി പൂർത്തിയായിട്ടില്ല. സൊസൈറ്റിയിൽനിന്നു 14.5 ലക്ഷം രൂപയും പലിശയുമാണു കിട്ടാനുള്ളത്.
Q കേസിൽ മുന്നോട്ടുള്ള നടപടികളെങ്ങനെ?
A ശസ്ത്രക്രിയയെത്തുടർന്നു 2 മാസത്തെ വിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. വേദനയുള്ളതിനാൽ നിലവിൽ യാത്ര ചെയ്യാനാകില്ല. ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകാനാണു തീരുമാനം. പണം തിരികെക്കിട്ടണം, സാബുവിനു നീതി വേണം.