ADVERTISEMENT

തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാർ തനിക്കെതിരെ കള്ളമൊഴി നൽകിയെന്ന് ഇന്റലിജൻസ് എഡിജിപി പി.വിജയന്റെ പരാതി. തനിക്കു കരിപ്പൂരിലെ സ്വർണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് എം.ആർ.അജിത്കുമാർ നൽകിയ മൊഴി കള്ളമാണെന്നും കേസെടുക്കണമെന്നും പി.വിജയൻ ഡിജിപി എസ്.ദർവേഷ് സാഹിബിനു മൂന്നാഴ്ച മുൻപ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടെന്നാണു വിവരം.

സാധാരണനിലയിൽ ഡിജിപിക്കു തന്നെ ഇത്തരം പരാതികളിൽ നടപടിയെടുക്കാമെങ്കിലും ഉന്നത തസ്തികയിൽ ഇരിക്കുന്ന 2 മുതിർന്ന ഓഫിസർമാർ തമ്മിലുള്ള പ്രശ്നമായതിനാൽ പരാതി, ‘ആവശ്യമായ’ നടപടി സ്വീകരിക്കണമെന്നു നിർദേശിച്ച് ആഭ്യന്തരവകുപ്പിനു കൈമാറി.

പി.വി.അൻവർ എംഎൽഎ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ നിയോഗിച്ച ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിക്കായിരുന്നു എഡിജിപി അജിത്കുമാർ ഇന്റലിജന്റ്സ് എഡിജിപി പി.വിജയനെതിരെ മൊഴി നൽകിയത്. പി.വിജയനും തീവ്രവാദവിരുദ്ധ സേനയിലെ ചില അംഗങ്ങൾക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് എസ്പി സുജിത്ദാസ് തന്നോടു പറഞ്ഞിട്ടുണ്ടെന്നായിരുന്നു മൊഴി. എന്നാൽ ഇത്തരം ഒരു വിവരവും അജിത്കുമാറിനോടു പറഞ്ഞിട്ടില്ലെന്നായിരുന്നു സുജിത് ദാസിന്റെ മറുപടി.

നേരത്തേ, അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവീസിൽ സസ്പെൻഡ് ചെയ്യപ്പെട്ടയാളാണ് പി.വിജയൻ. കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതികളെ പിടികൂടി കേരളത്തിലേക്കു കൊണ്ടുവരുന്നതിനിടെ യാത്രാവിവരം ചില മാധ്യമങ്ങൾക്കു വിജയൻ ചോർത്തിനൽകിയെന്നായിരുന്നു അജിത്തിന്റെ റിപ്പോർട്ട്. കേരള പൊലീസിലെ തീവ്രവാദവിരുദ്ധ സേനയുടെ തലവനായിരുന്ന വിജയനെ 2023 മേയിൽ സസ്പെൻഡ് ചെയ്തു. പിന്നീട് എഡിജിപി കെ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അജിത്തിന്റെ അന്വേഷണ റിപ്പോർട്ട് തള്ളി. അതിനുശേഷം സസ്പെൻഷൻ അവലോകനം ചെയ്യാ‍ൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ രൂപീകരിച്ച 4 അംഗ സമിതിയും വിജയന് അനുകൂലമായാണു റിപ്പോർട്ട് നൽകിയത്. സർവീസിൽ തിരിച്ചെത്തിയ വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.

പി.വി.അൻവർ വിവാദത്തിൽ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയതോടെയുണ്ടായ അഴിച്ചുപണിയിൽ പി.വിജയൻ ഇന്റലിജൻസ് മേധാവിയായി. അജിത്കുമാർ ബറ്റാലിയന്റെ ചുമതലയുള്ള എഡിജിപിയായിയാണിപ്പോൾ. ജൂലൈയിൽ ഡിജിപിയായി സ്ഥാനക്കയറ്റവും ലഭിക്കും. പി.വി.അൻവറുമായി നടത്തിയ ഫോൺസംഭാഷണം അൻവർ പുറത്തുവിട്ടതിനെത്തുടർന്നാണു സുജിത് ദാസ് സസ്പെൻഷനിലായത്. ഇതിൽ അജിത്കുമാറിനെതിരെ സുജിത് ദാസ് ആരോപണമുന്നയിച്ചിരുന്നു. 

English Summary:

ADGP P Vijayan's complaint against ADGP MR Ajith Kumar: ADGP P Vijayan files complaint against ADGP MR Ajith Kumar for giving false testimony regarding gold smuggling links

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com