ട്രോളി ബാഗ്: മുന്നണിക്കുള്ളിൽ ചർച്ചയായി സിപിഐ നിലപാട്
Mail This Article
പാലക്കാട് ∙ പാലക്കാട് ഉപതിരഞ്ഞെടുപ്പു സമയത്തെ നീല ട്രോളി ബാഗ് വിവാദത്തിൽ നേതൃത്വനിലപാടിൽ നിന്നു ഭിന്നമായി പരസ്യപ്രസ്താവന നടത്തിയതിനുൾപ്പെടെ എൻ.എൻ.കൃഷ്ണദാസിനെ തിരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഎം നേതൃത്വം രൂക്ഷമായി വിമർശിച്ചപ്പോൾ, വിവാദത്തിൽ അദ്ദേഹത്തെ തുണയ്ക്കുന്ന സിപിഐ റിപ്പോർട്ട് എൽഡിഎഫിൽ ചർച്ചയാകുന്നു. തിരഞ്ഞെടുപ്പിൽ മുന്നണിയെ, പ്രത്യേകിച്ച് പാർട്ടിയെ കുരുക്കിലാക്കിയ ട്രോളി ബാഗ് വിവാദത്തിൽ പ്രധാന ഘടകകക്ഷിയുടെ സമീപനം സിപിഎമ്മിൽ അമർഷം ഉയർത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക്, മുസ്‌ലിം ലീഗ് അധ്യക്ഷനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആരോപണവും കാരണമായെന്നു വിമർശിച്ച് സിപിഎമ്മിനെ കടന്നാക്രമിക്കുന്ന തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ട്രോളി ബാഗ് വിവാദത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം എൻ.എൻ.കൃഷ്ണദാസിന്റെ നിലപാടുതന്നെ സിപിഐ സ്വീകരിച്ചത്. ട്രോളി ബാഗ് വൻചർച്ചയായതോടെ, അതു തിരഞ്ഞെടുപ്പു കമ്മിഷനു വിടുന്നതിനു പകരം ദിവസങ്ങളോളം പെട്ടിക്കു ചുറ്റും കറങ്ങിയതു യുഡിഎഫിന് നേട്ടമായെന്നു സിപിഐ പറയുന്നു.