മുസ്ലിം വർഗീയ ചേരി പരാമർശം: വിജയരാഘവന് എതിരെ കടുത്ത വിമർശനവുമായി യുഡിഎഫ്
Mail This Article
തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റിലെത്തിയത് മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ പരാമർശത്തിനെതിരെ യുഡിഎഫ് നേതൃത്വം. കോൺഗ്രസ് നേതാക്കൾക്കൊപ്പം മുസ്‌ലിം ലീഗും വിജയരാഘവനെതിരെ രംഗത്തിറങ്ങി.
∙ കെ.സി.വേണുഗോപാൽ:
വിജയരാഘവൻ വർഗീയ രാഘവനായി മാറി. വിജയരാഘവന്റെ വർഗീയ പരാമർശം പിബിയുടെ നയമാണോ എന്നു പ്രകാശ് കാരാട്ട് വ്യക്തമാക്കണം. എല്ലാ തിരഞ്ഞെടുപ്പിലും സിപിഎമ്മിനു ഭൂരിപക്ഷം കിട്ടാറുള്ള തിരുനെല്ലി പഞ്ചായത്തിൽ പോലും രാഹുലിനും പ്രിയങ്കയ്ക്കും ലീഡ് ലഭിച്ചു. അതും വർഗീയ വോട്ടാണോ?
∙ കെ.സുധാകരൻ:
ബിജെപിയും സിപിഎമ്മും തമ്മിൽ തിരഞ്ഞെടുപ്പിലുണ്ടാക്കിയ അന്തർധാര ഇപ്പോഴും തുടരുകയാണ്. അംബേദ്കറെ അവഹേളിക്കുന്ന പ്രസ്താവനകളിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നതും രാഹുലിന്റെയും പ്രിയങ്കയുടെ വിജയം മുസ്‍ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്നു പറയാൻ എ.വിജയരാഘവനു കഴിയുന്നതും ആ അന്തർധാരകൊണ്ടാണ്.
∙ പി.കെ.കുഞ്ഞാലിക്കുട്ടി:
ഡൽഹിയിൽ രാഹുലിനും പ്രിയങ്കയ്ക്കും സിന്ദാബാദ് വിളിക്കുന്ന സിപിഎം, ബിജെപിയെ തോൽപിക്കുന്ന വർഗീയതയാണു കേരളത്തിൽ പയറ്റുന്നത്. ബിജെപി ഉത്തരേന്ത്യയിൽ ചെയ്യുന്നതാണു സിപിഎം കേരളത്തിൽ ചെയ്യുന്നത്. രാഹുലിന്റെയും പ്രിയങ്കയുടെയും വിജയം ന്യൂനപക്ഷ വർഗീയതയുടെ അടിസ്ഥാനത്തിലാണെന്നു പറയുന്നത് അതിക്രൂരമാണ്.
∙ വി.ഡി.സതീശൻ:
സംഘപരിവാറിനെ സന്തോഷിപ്പിക്കുകയെന്ന സിപിഎമ്മിന്റെ രാഷ്ട്രീയ ലൈനാണ് വിജയരാഘവന്റെ പരാമർശത്തിലുള്ളത്. പ്രിയങ്ക ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടിന്റെ ബലത്തിലാണെന്ന് വിജയരാഘവനല്ലാതെ മറ്റാരും പറയില്ല. വിജയരാഘവനെ പോലുള്ളവരെ എന്തും പറയാൻ വേണ്ടി പിണറായി വിജയൻ ഉപയോഗിക്കുകയാണ്.