ആണവനിലയം; സാധ്യതകൾ പരിശോധിക്കാൻ സർക്കാർ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാനും അഭിപ്രായം രൂപീകരിക്കാനും സർക്കാർ നടപടി. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വിശദീകരിക്കുകയും ആണവനിലയം സുരക്ഷിതമാണെന്നു ബോധ്യപ്പെടുത്തുകയും ചെയ്ത് ജനങ്ങൾക്കിടയിൽ അനുകൂല ചിന്താഗതി വളർത്താൻ കഴിയുമോയെന്നാണ് സർക്കാർ പരിശോധിക്കുക.
ഇടതുമുന്നണിയിൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ആണവനിലയം സ്ഥാപിക്കുന്നതിന് എതിരാണ്. സമവായമുണ്ടെങ്കിലേ കേരളത്തിൽ ആണവനിലയം സ്ഥാപിക്കുന്നതിനെപ്പറ്റി ചിന്തിക്കാനാകൂ എന്നാണ് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടറുമായുള്ള ചർച്ചയ്ക്കു ശേഷം മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞത്. കേരളത്തിനു പ്രയോജനപ്പെടുംവിധം സംസ്ഥാനത്തിനു പുറത്ത് ആണവനിലയം സ്ഥാപിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്ര സർക്കാരിനു മന്ത്രി കൃഷ്ണൻകുട്ടി നിവേദനം സമർപ്പിച്ചിരുന്നു. കേരളത്തിലെ തോറിയം ധാതു ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള നിലയം മറ്റെവിടെയെങ്കിലും സ്ഥാപിക്കുകയും സംസ്ഥാനത്തിന് അർഹമായ വൈദ്യുതി വിഹിതം നൽകുകയും വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, കേന്ദ്രം ഇതുവരെ അനുകൂല മറുപടി നൽകിയിട്ടില്ല.
കേരളത്തിന്റെ ആവശ്യത്തിനായി ആണവനിലയം സ്ഥാപിക്കാൻ മറ്റു സംസ്ഥാനങ്ങൾ അനുമതി നൽകാനുള്ള സാധ്യതയും കുറവാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ തന്നെ നിലയം സ്ഥാപിക്കാൻ കേന്ദ്രം നിർദേശിച്ചത്.