എഡിജിപി അജിത്കുമാറിനെതിരായ പരാതി: അന്വേഷണം വേഗം തീർക്കാൻ സർക്കാരിന്റെ നിർദേശം
Mail This Article
തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെയുള്ള എല്ലാ അന്വേഷണവും ഉടൻ പൂർത്തിയാക്കണമെന്ന് ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥർക്കു സർക്കാർ നിർദേശം.ക്രമസമാധാനപാലന ചുമതലയുണ്ടായിരുന്ന അജിത്കുമാറിന്റെ ഭാഗത്ത് പൂരം സുരക്ഷയിൽ വീഴ്ച സംഭവിച്ചോ എന്നതു സംസ്ഥാന പൊലീസ് മേധാവിയാണ് അന്വേഷിക്കുന്നത്. പൂരം കലക്കലിലെ ഗൂഢാലോചന വിശദമായി അന്വേഷിച്ചു കേസെടുക്കാൻ ക്രൈംബ്രാഞ്ച് മേധാവിയെയും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കാൻ ഇന്റലിജൻസ് മേധാവിയെയും സർക്കാർ ചുമതലപ്പെടുത്തി. അജിത്കുമാറിന്റെ അവിഹിത സ്വത്തു സമ്പാദനം വിജിലൻസ് അന്വേഷിക്കുന്നു.
ഈ അന്വേഷണങ്ങൾ ഉടൻ പൂർത്തിയാക്കാനാണു സർക്കാർ നിർദേശം. ഇതിൽ ഒരന്വേഷണവും ഈ മാസം പൂർത്തിയാകില്ലെന്നു കണ്ടാണു വേഗത്തിലാക്കാൻ നിർദേശിച്ചത്. 100ലേറെ കേസുകളാണു സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ളത്. അതിൽ അൻപതിലേറെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓരോ കേസും വിശദമായി അന്വേഷിക്കണമെങ്കിൽ കുറഞ്ഞത് 6 മാസം വേണ്ടിവരുമെന്നു വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. മൂന്നുനാലു കേസുകൾ സാംപിൾ ആയി പരിശോധിച്ച ശേഷം, പൊതുകണ്ടെത്തലായി അന്വേഷണം അവസാനിപ്പിക്കാനാണു വിജിലൻസ് ആലോചന.
പൂരം അലങ്കോലപ്പെട്ടതിൽ അജിത്കുമാർ നൽകിയ റിപ്പോർട്ടിലെ കണ്ടെത്തലിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ രംഗത്തെത്തിയിരുന്നു. പൂരത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും അന്വേഷണം പൂർത്തിയാക്കാൻ സമയമെടുക്കും. ഈ സാഹചര്യത്തിലാണ് അന്വേഷണം ഉടൻ തീർക്കാൻ നിർദേശം. പൂര സ്ഥലത്തു സംഘർഷമുണ്ടായ സമയത്തു 2 പൊലീസുകാരുടെ കസ്റ്റഡിയിലാണ് ആംബുലൻസ് ഉണ്ടായിരുന്നത്. ‘മുകളിൽ’ നിന്നുള്ള നിർദേശ പ്രകാരം അവരാണു സുരേഷ് ഗോപിക്ക് ആംബുലൻസ് വിട്ടുനൽകിയത് എന്നാണു ലഭിച്ചിരിക്കുന്ന വിവരം. നിർദേശം നൽകിയയാളെ കണ്ടെത്താൻ ചിലരുടെ ഫോൺ വിളിയുടെ വിശദാംശം ഡിജിപി ശേഖരിക്കുന്നുണ്ട്.