രാത്രിയിലെ വൈദ്യുതി ക്ഷാമം: പരിഹാരമായി ‘ബെസ്’ വരുന്നു
Mail This Article
തിരുവനന്തപുരം ∙ രാത്രിയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്തെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റത്തിന് (ബെസ്) ടെൻഡറായി. പകൽ സമയത്ത് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച് രാത്രി ആവശ്യമുള്ളപ്പോൾ ലഭ്യമാക്കുന്ന പദ്ധതിക്ക് കേന്ദ്രസർക്കാർ സ്ഥാപനമായ സോളർ കോർപറേഷൻ ഓഫ് ഇന്ത്യ (സെകി) മുഖേനയാണ് ടെൻഡർ ക്ഷണിച്ചത്. കാസർകോട് മൈലാട്ടി 220 കെവി സബ് സ്റ്റേഷൻ പരിസരത്താണ് 500 മെഗാവാട്ടിന്റെ ബെസ് സ്ഥാപിക്കുക.
125 മെഗാവാട്ട് വീതം സംഭരണശേഷിയുള്ള 4 ബാറ്ററി യൂണിറ്റുകളാണ് സ്ഥാപിക്കുക. രാത്രി കെഎസ്ഇബി ആവശ്യപ്പെടുന്ന സമയത്ത് ഇതിൽനിന്ന് ഒന്നിച്ചോ വിവിധ മണിക്കൂറുകളിലായോ വൈദ്യുതി ലഭ്യമാക്കും.
കരാറെടുക്കുന്ന ഏജൻസിയുടെ ചെലവിൽ ബെസ് സ്ഥാപിച്ച്, അതിൽ നിന്നുള്ള വൈദ്യുതി കെഎസ്ഇബി വാങ്ങുകയാണ് ചെയ്യുക. പകൽ സമയത്ത് ഗ്രിഡിൽ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന വൈദ്യുതിയോ സോളർ പ്ലാന്റ് സ്ഥാപിച്ച് അതിൽനിന്നു ലഭിക്കുന്ന വൈദ്യുതിയോ സംഭരിക്കാം.
മൂലധനനിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോൾ പദ്ധതി ലാഭകരമാകാനുള്ള സാധ്യത കുറവായതിനാൽ കേന്ദ്രസർക്കാർ ആകെ ചെലവിന്റെ 30% അല്ലെങ്കിൽ പരമാവധി 135 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) അനുവദിച്ചിട്ടുണ്ട്. 5 ഗഡുക്കളായി ഈ തുക നൽകും. 2025 ഫെബ്രുവരി 7 ന് ടെൻഡർ തുറക്കും. 15 മാസത്തിനുള്ളിൽ പദ്ധതി കമ്മിഷൻ ചെയ്യണം. കാലാവധിക്കു മുൻപു പൂർത്തിയാക്കി വൈദ്യുതി ലഭ്യമാക്കിയാൽ ഇൻസെന്റീവ് നൽകാനും വ്യവസ്ഥയുണ്ട്.
1500 മെഗാവാട്ട് : കരാറിലേക്ക് കെഎസ്ഇബി
∙ സംസ്ഥാനത്ത് 1500 മെഗാവാട്ട് വൈദ്യുതി വൈകാതെ ലഭിച്ചു തുടങ്ങും. ഇതിൽ 500 മെഗാവാട്ട് വൈദ്യുതി ദീർഘകാലത്തേക്ക് വാങ്ങാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയതോടെ കെഎസ്ഇബി ടെൻഡർ ക്ഷണിച്ചു.
ഫെബ്രുവരി 7ന് ബിഡ് തുറക്കും. 24 മണിക്കൂറും 500 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് നേട്ടം. കെഎസ്ഇബിക്കു കേന്ദ്രസർക്കാർ അനുവദിച്ച കൽക്കരി ലിങ്കേജ് ഉപയോഗിച്ച് 500 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കരാർ നടപടികളിലേക്ക് ഉടൻ കടക്കും. 2025 ഓഗസ്റ്റ് മുതൽ വൈദ്യുതി ലഭിച്ചുതുടങ്ങുമെന്നാണു പ്രതീക്ഷ.
2026 സെപ്റ്റംബർ മുതൽ സെകിയുമായുള്ള കരാർ പ്രകാരമുള്ള 500 മെഗാവാട്ട് വൈദ്യുതി ലഭിച്ചു തുടങ്ങും. പകലും രാത്രിയും 250 മെഗാവാട്ട് വീതം വൈദ്യുതിയാണ് യൂണിറ്റിന് 3.49 രൂപ നിരക്കിൽ ലഭിക്കുക.