ADVERTISEMENT

മലയാളത്തിന്റെ ഒരേയൊരു എംടി അന്തരിച്ചതാണു കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. ക്രിസ്മസ് ദിനത്തിൽ രാത്രി പത്തോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16നു പുലർച്ചെയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 26ന് വൈകിട്ട് 5ന് മാവൂർ പൊതുശ്മശാനത്തിലാണു സംസ്കാരം. വായിക്കാം: എഴുത്തിന്റെ കുലപതിക്കു വിട; ഇനി എംടി ഇല്ലാത്ത കാലം

ഉണ്ണിയേശു പിറന്ന ക്രിസ്മസ് ദിനത്തിൽ 2 പിഞ്ചുകുഞ്ഞുങ്ങളുടെ വാർത്തയും കേരളം ഹൃദയത്തിലേറ്റി. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണു ലഭിച്ചത്. കുഞ്ഞിന്റെ പേരിനായി മന്ത്രി വീണാ ജോര്‍ജ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു. വിവിധ തലങ്ങളിലുള്ളവര്‍ നിർദേശിച്ച പേരുകളിൽനിന്നു തിരഞ്ഞെടുത്ത സ്‌നിഗ്ധ എന്ന പേരാണിട്ടത്. വായിക്കാം: അവൾ ‘സ്നിഗ്ധ’; അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിന് പേരിട്ടു...

പാലക്കാട് നെല്ലിയാമ്പതിയിൽ ക്രിസ്മസ് രാത്രിയിലെ കൊടും തണുപ്പിൽ, കാടിനു നടുവിൽപ്പെട്ട ജീപ്പിൽ അതിഥി തൊഴിലാളി സുജയ് സർദ്ദാറും ഭാര്യ സാംബയും നഴ്സുമാരായ സുദിനയും ജാനകിയും. ഒപ്പം, മണിക്കൂറുകൾക്ക് മുന്‍പ് സാംബ പ്രസവിച്ച ആൺകുഞ്ഞും. നെൻമാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി പോയ ഇവരെ ആന വഴിയിൽ തടഞ്ഞത് രണ്ട് മണിക്കൂർ. ആനക്കൂട്ടത്തിൽനിന്നു രക്ഷപ്പെടാൻ ജീപ്പ് പിന്നോട്ടെടുത്തപ്പോൾ എത്തിയത് കാട്ടുപോത്തിന്റെ കൂട്ടത്തിലേക്ക്. വന്യമൃഗങ്ങളെയും തടസ്സങ്ങളെയും താണ്ടി ആശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. വായിക്കാം: ആശുപത്രിയിലേക്ക് പോകവേ കുഞ്ഞു പിറന്നു; ആനയുടെയും കാട്ടുപോത്തിന്റെയും ഇടയിൽ ജീപ്പ്..

സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്കു വാങ്ങി ഉപയോഗിക്കുന്നവര്‍ക്കും വാടകയ്ക്കു നല്‍കുന്നവര്‍ക്കും മോട്ടര്‍ വാഹന വകുപ്പ് നൽകിയ മുന്നറിയിപ്പും കേരളം ശ്രദ്ധയോടെ വായിച്ച വാർത്തയാണ്. ദുരുപയോഗം തെളിഞ്ഞാല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെ ഉടമയ്ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു. വായിക്കാം: ഉടമയുടെ കുടുംബാംഗങ്ങള്‍ക്ക് വാഹനം സ്ഥിരമായി ഉപയോഗിക്കാമോ? വാടകയ്ക്കു നല്‍കിയാല്‍ ക‍ുടുങ്ങും..

English Summary:

Top Kerala News Stories: This article provides the most recent and important news from Kerala, covering political developments, social issues, and economic updates.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com