കാലം മൗനമായി
Mail This Article
കോഴിക്കോട് ∙ എംടി– ആ രണ്ടക്ഷരം ഇനി ഹൃദയങ്ങളിലെ നിത്യമുദ്ര. വിരുന്നെത്തിയ പ്രതിഭകളെ വീട്ടുകാരാക്കിയ കോഴിക്കോട് നഗരം എം.ടി.വാസുദേവൻ നായർക്ക് മാവൂർ റോഡിലുള്ള ‘സ്മൃതി പഥ’ത്തിൽ നിത്യവിശ്രമമേകി. പുതുക്കി നിർമിച്ച ശ്മശാനത്തിലെ ആദ്യ സംസ്കാരച്ചടങ്ങ്.
വർഷങ്ങൾക്കുമുൻപ് മുഷിഞ്ഞ മുണ്ടും ഷർട്ടും ധരിച്ച് കോഴിക്കോട്ടെത്തിയ വാസു എന്ന യുവാവ് ഇന്ത്യയിലെ തന്നെ ഏറ്റവും തലപ്പൊക്കമുള്ള സാഹിത്യനായകനായാണു ബുധനാഴ്ച രാത്രി കഥാവശേഷനായത്.
മരണമെന്നത് എംടിക്ക് ഇത്തിരികൂടി കഠിനമായ മൗനം മാത്രമെന്നു തോന്നിച്ചു. വേദനയടക്കാൻ പണിപ്പെട്ടതു കൊട്ടാരം റോഡിലെ ‘സിതാര’ എന്ന വീട്ടിലേക്കും അന്ത്യയാത്രയൊരുക്കിയ മാവൂർ റോഡ് ശ്മശാനത്തിലേക്കും ഒഴുകിയെത്തിയ ആരാധകരും എഴുത്തുകാരും കലാപ്രവർത്തകരുമാണ്.
കഴിഞ്ഞ 16 മുതൽ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എംടിയുടെ ആരോഗ്യസ്ഥിതി ബുധനാഴ്ച രാത്രി ഒൻപതരയോടെ അതീവ ഗുരുതരമാകുകയായിരുന്നു. പത്തോടെ മരണം സ്ഥിരീകരിച്ചു. ഭാര്യ കലാമണ്ഡലം സരസ്വതിയും ഇളയ മകൾ അശ്വതിയും മരുമകൻ ശ്രീകാന്തും അന്ത്യനിമിഷങ്ങളിൽ ആശുപത്രിയിലുണ്ടായിരുന്നു. മൂത്ത മകൾ സിതാര രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ കണ്ടു യുഎസിലേക്കു മടങ്ങിയത്.
ഇന്നലെ വൈകിട്ട് 5.20നു ‘സ്മൃതിപഥ’ത്തിന്റെ മുറ്റത്ത് പൊലീസ് ഔദ്യോഗിക ബഹുമതി നൽകി. എംടിയുടെ മൂത്ത സഹോദരന്റെ മകൻ സതീശൻ തെക്കേപ്പാട്ട് കർമങ്ങൾക്കു നേതൃത്വം നൽകി. മകൾ അശ്വതിയും അടുത്ത ബന്ധുക്കളും മൃതദേഹത്തെ വലംവച്ചു.
ആർഭാടങ്ങളെയും ആഘോഷങ്ങളെയും അകറ്റിനിർത്തിയിരുന്ന എംടി, തന്റെ മടക്കം തികച്ചും ലളിതമാക്കണമെന്നു നിർദേശിച്ചിരുന്നു.
പുഷ്പാലംകൃത വാഹനത്തിലുള്ള വിലാപയാത്രയോ പൊതുദർശനമോ പുഷ്പചക്ര സമർപ്പണമോ വേണ്ടെന്നും മരണം സംഭവിച്ചാൽ വൈകാതെ കോഴിക്കോട്ടു തന്നെ സംസ്കരിക്കണമെന്നും പറഞ്ഞിരുന്നു. ഭൗതികദേഹം സാധാരണ ആംബുലൻസിലാണ് ബുധനാഴ്ച രാത്രി 11.50നു കോട്ടാരം റോഡിലെ വീട്ടിലെത്തിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ സാധാരണക്കാർവരെയായി ആയിരങ്ങൾ പ്രിയ എഴുത്തുകാരനെ അവസാനമായി ഒരു നോക്കു കാണാനെത്തി. മലയാള മനോരമയ്ക്കു വേണ്ടി എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ആദരാഞ്ജലിയർപ്പിച്ചു.
സംസ്ഥാന സർക്കാർ ഇന്നലെയും ഇന്നും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.