അനശ്വരതയുടെ ഇതൾ
Mail This Article
എം.ടി.വാസുദേവൻ നായർ സാർ മലയാള മനോരമയുടെ നല്ല സുഹൃത്തും അഭ്യുദയകാംക്ഷിയും എനിക്കു ഗുരുസ്ഥാനീയനുമായിരുന്നു. അദ്ദേഹം എഴുത്തിന്റെ ഉയരങ്ങൾ കീഴടക്കുന്ന നാളുകളിൽ ഞാൻ കോഴിക്കോട് മലയാള മനോരമയിലുണ്ടായിരുന്നു. ഓഫിസിൽനിന്ന് ഒരു വിളിപ്പാടകലെ അദ്ദേഹം ഉണ്ടെന്നത് അക്കാലത്ത് എഴുത്തിനോടും വായനയോടും പ്രിയപ്പെട്ടൊരു സാമീപ്യം മനസ്സിൽ നിറയ്ക്കുന്ന അനുഭവമായിരുന്നു.
-
Also Read
ആത്മകഥയിൽ ഇല്ലാത്തത്
കൊച്ചിയിൽ കഴിഞ്ഞ ഡിസംബർ 22ന് അദ്ദേഹത്തിന്റെ നവതിയാഘോഷം ‘എംടി നവതി വന്ദനം’ എന്ന പേരിൽ സംഘടിപ്പിക്കാൻ കഴിഞ്ഞത് വലിയ ചാരിതാർഥ്യമായി ഞങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നു. അതിന്റെ തുടർച്ചയായി പ്രൗഢമായൊരു എംടി ഗ്രന്ഥസമുച്ചയം ‘എംടി കഥേതരം’ എന്ന പേരിൽ മനോരമ ബുക്സ് പുറത്തിറക്കുകയും ചെയ്തു. മനോരമ ആദ്യമായി സംഘടിപ്പിച്ച ‘ഹോർത്തൂസ്’ സാഹിത്യസാംസ്കാരികോത്സവവുമായി ബന്ധപ്പെട്ട ആദ്യചടങ്ങായ ലോഗോ പ്രകാശനം നിർവഹിച്ചതും അദ്ദേഹമാണ്.
എന്റെ ഓർമയിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചത് 2017 ജൂലൈ 15ന് കോഴിക്കോട് കൊട്ടാരം റോഡിലെ അദ്ദേഹത്തിന്റെ വീട്ടിലാണ്. അന്ന് അദ്ദേഹത്തിന്റെ ജന്മനാളായിരുന്നു. 84 വയസ്സു പൂർത്തിയാകുന്ന ശതാഭിഷേകവേള. ഏറെ ഓർമകൾ അദ്ദേഹം പങ്കുവച്ചു. എനിക്കൊപ്പമുണ്ടായിരുന്ന മകൻ ജയന്തിനെ അന്ന് അദ്ദേഹം അനുഗ്രഹിച്ച നിമിഷം ഞങ്ങൾക്ക് അനർഘമായ ഒന്നാണ്.
അക്ഷരങ്ങളല്ലാതെ ഒന്നും അദ്ദേഹത്തിനു വിലപ്പെട്ടതായിരുന്നില്ല. താൻ ഒന്നും ചെയ്തതായും അദ്ദേഹം കരുതിയില്ല. ‘കാലം ഓരോന്നു ചെയ്യുന്നു. ഞാൻ ഉപകരണം മാത്രം’ എന്ന് അദ്ദേഹം എപ്പോഴും വിനയാന്വിതനായി. ഇനി അദ്ദേഹം അനശ്വരതയുടെ ഇതൾ. മഹത്തായ ആ സ്മരണയ്ക്കു മുന്നിൽ പ്രണാമം.