മലയാളത്തിന്റെ വിളക്കുമരം
Mail This Article
സാഹിത്യലോകത്തെ തലപ്പൊക്കം നിലനിർത്തിക്കൊണ്ടുതന്നെ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായി ദേശീയ, രാജ്യാന്തര ശ്രദ്ധ നേടിയ അതുല്യ പ്രതിഭയെയാണ് കേരളത്തിനു നഷ്ടമാകുന്നത്. പത്രാധിപരെന്ന നിലയിൽ പുതുതലമുറ എഴുത്തുകാർക്കു പതിറ്റാണ്ടുകളോളം വഴിവിളക്കുമായിരുന്നു എംടി. രാജ്യത്തെ പരമോന്നത സാഹിത്യബഹുമതിയായ ജ്ഞാനപീഠവും (1995) പത്മഭൂഷണും (2005) നേടിയ അദ്ദേഹം മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാലുതവണ നേടി. കേരള സർക്കാരിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ കേരളജ്യോതിയും (2022) ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകൾക്കുള്ള ജെ.സി.ഡാനിയേൽ അവാർഡും (2013) ലഭിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും വയലാർ അവാർഡും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ഇതിനു പുറമേ. കേരള സാഹിത്യ അക്കാദമി, തുഞ്ചൻ സ്‌മാരക ഗവേഷണകേന്ദ്രം എന്നിവയുടെ അധ്യക്ഷനായിരുന്നു.
ഭാരതപ്പുഴയുടെ തീരഗ്രാമമായ പാലക്കാട് കൂടല്ലൂരിൽ 1933 ജൂലൈ 15ന് ആയിരുന്നു ജനനം. അച്‌ഛൻ: പുന്നയൂർക്കുളം ടി. നാരായണൻ നായർ. അമ്മ: മാടത്തു തെക്കേപ്പാട്ട് അമ്മാളു അമ്മ. അമ്മയുടെ തറവാട്ടുപേരായ മാടത്തു തെക്കേപ്പാട്ട് ലോപിച്ചാണു സാഹിത്യലോകത്ത് എംടി എന്ന രണ്ടക്ഷരം പിറന്നത്. പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. മക്കൾ: സിതാര (ജോൺസൺ ആൻഡ് ജോൺസൺ, യുഎസ്), അശ്വതി (നർത്തകി). മരുമക്കൾ: സഞ്‌ജയ് ഗിർമെ (യുഎസ്), ശ്രീകാന്ത് (നർത്തകൻ). ആദ്യഭാര്യ പ്രമീള നായർ 1999ൽ അന്തരിച്ചു.