താന്നിക്കുന്നിൽനിന്ന് ഒഴുകിയ ഒരു നിള
Mail This Article
വളരും, വളർന്ന് വലിയ ആളാവും എന്നു സ്വപ്‌നം കണ്ടില്ല. എഴുതണം, എഴുത്തുകാരനാവണം എന്നാണു കൂടല്ലൂരിലെ താന്നിക്കുന്നിന്റെ ചെരുവിലിരിക്കുമ്പോൾ വാസുദേവൻ ആഗ്രഹിച്ചത്. ‘പാടത്തിന്റെ കരയിലെ തകർന്ന തറവാട്ടുവീടിന്റെ മുകളിൽ ചാരുപടിയുടെ മുൻപിൽ അരണ്ട വെളിച്ചത്തിൽ, എഴുതിയവ വീണ്ടും അയവിറക്കിയും എഴുതാനുദ്ദേശിക്കുന്നവയെക്കുറിച്ചു സ്വപ്നങ്ങൾ നെയ്തെടുത്തും ഇരുന്ന കുട്ടി. കുന്നിൻചെരുവിലൂടെ കഥയും കവിതയും ആലോചിച്ചുകൊണ്ടു നടന്ന ദിവസങ്ങൾ. അന്ന് ഒരു കുട്ടിക്കു കൂട്ടുകാരില്ലാതെ തനിയെ കളിക്കാവുന്ന ഒരു വിനോദമായിരുന്നു അത്. മനസ്സിൽ വാക്കുകൾ ഉരുട്ടിക്കളിച്ച് അതിനൊരു ചിട്ടയോ ക്രമമോ ഉണ്ടാക്കും. സാഹിത്യം ഒരു തൊഴിലാവുമെന്ന് അവനു ധാരണയില്ല. സാഹിത്യത്തിനു പ്രതിഫലമുണ്ടെന്നും അവന് അറിഞ്ഞു കൂടാ. വെളിച്ചം കുറഞ്ഞ ആ മുറിക്കകത്തിരുന്ന് ബൗണ്ട് പുസ്തകങ്ങളിൽനിന്നു കീറിയെടുത്ത താളുകളിൽ അവൻ പലതും എഴുതിക്കൂട്ടുന്നുണ്ടെന്നു മറ്റാരും അറിയരുതെന്നു കൂടി അവന് ആഗ്രഹമുണ്ട്. ദിവസവും എന്തെങ്കിലുമൊക്കെ കടലാസിൽ കുറിച്ചിടുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഈ കടലാസുകൾ യാത്രയാരംഭിക്കുന്നു. ഇറവെള്ളത്തിൽ കടലാസുതോണികൾ ഒഴുക്കിവിടുന്നതു പോലെ. വിലാസമറിയുന്ന പത്രമോഫിസുകളിലേക്കാണ് ഒഴുക്കിവിടുന്നത്. പലതും വഴികളിലെവിടെയോ മുങ്ങിമറഞ്ഞു. ചിലതു ഭാഗ്യത്തിന് അച്ചടിയുടെ കരയിലണയുന്നു. ഇതൊരു കുട്ടിക്കളിയല്ല എന്നു ക്രമത്തിൽ ബോധ്യമാകുന്നു. സാഹിത്യത്തിലോ സാഹിത്യാസ്വാദനത്തിലോ അവനു കുടുംബപാരമ്പര്യമൊന്നുമില്ല. കവിതകളോടും പുസ്തകങ്ങളോടുമുള്ള അവന്റെ ആരാധനാഭാവം എങ്ങനെ രൂപപ്പെട്ടുവെന്ന് അറിഞ്ഞുകൂടാ. വായന എഴുത്തിന്റെ പ്രേരണയായിരുന്നില്ല, പശ്ചാത്തലം മാത്രമായിരുന്നു...
താന്നിക്കുന്നിന്റെ നെറുകയിൽ നിന്നാൽ വയലുകളും പാതയും ഭാരതപ്പുഴയും കരിയന്നൂർ പാലവും കാണാം. ആ കുന്നിൻ നെറുകയിൽ, ഏകാന്തതയുടെ മഹാസാമ്രാജ്യത്തെ നോക്കിക്കൊണ്ടു നിന്ന്, രൂപംകൊള്ളാത്ത കവിതകളെയും കഥകളെയും രൂപപ്പെടുത്താൻ വേദനയനുഭവിച്ച ആ ചെറുക്കന്റെ പ്രേരണ എന്തായിരുന്നു? എനിക്കറിഞ്ഞു കൂടാ...അസംതൃപ്തമായ ആത്മാവിനു വല്ലപ്പോഴും വീണുകിട്ടുന്ന ആഹ്ലാദത്തിന്റെ അസുലഭ നിമിഷങ്ങൾക്കു വേണ്ടി, സ്വാതന്ത്ര്യത്തിനു വേണ്ടി ഞാനെഴുതുന്നു. ആ സ്വാതന്ത്ര്യമാണ് എന്റെ അസ്തിത്വം. അതില്ലെങ്കിൽ ഞാൻ കാനേഷുമാരിക്കണക്കിലെ ഒരക്കം മാത്രമാണ്.
യുവത്വത്തിന്റെ നാളുകളിൽ, ഇരുപതുകളിലും മുപ്പതുകളിലും എഴുത്ത് വേഗത്തിലാണ്. ഒരുതരം ഭ്രാന്തമായ ആവേശം. നാൽപതുകളിലേക്കു കടന്നപ്പോൾ എഴുത്ത് കൂടുതൽ ക്ലേശകരമാകുന്നു. എഴുതിത്തുടങ്ങിയ ശേഷം ശരിയല്ല എന്ന തോന്നൽ. വർഷങ്ങൾ കടന്നു പോകുന്നു. എഴുതാനുളളതു മനസ്സിലുണ്ട്, പക്ഷേ, പിന്നെയാവാം എന്നു മാറ്റിവയ്ക്കാൻ തിടുക്കം. എല്ലാം ഒത്തുവന്നു എന്നു കരുതുമ്പോൾ തിരക്കുകൾ, ആൾക്കൂട്ടങ്ങൾ. ശരി, എവിടെയെങ്കിലും ഏകാന്തതയിലിരുന്ന് ജോലി ചെയ്യാം. അതിനു സ്ഥലം കണ്ടെത്തുന്നു. അപ്പോഴാണു മനസ്സിലാവുന്നത്-ആൾക്കൂട്ടവും ബഹളവും അടുത്തേക്ക് ആക്രമിച്ചു കയറാത്ത വിധം തൊട്ടപ്പുറത്തു വേണം. ഏകാന്തതയുടെ തുരുത്ത് പേടിപ്പെടുത്തുന്നു’.