കാരൾ സംഘത്തെ ആക്രമിച്ച സംഘത്തിലെ 4പേർ അറസ്റ്റിൽ
Mail This Article
പത്തനംതിട്ട ∙ കുമ്പനാട്ട് ക്രിസ്മസ് തലേന്ന് കാരൾ സംഘത്തെ ആക്രമിച്ച സംഘത്തിലെ 4 പ്രതികളെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 10 പേർ കൂടി കേസിൽ പ്രതികളാണ്. പുറമറ്റം മുണ്ടമല സ്വദേശികളായ ചുറ്റിപ്പാറയിൽ ഷെറിൻ (28), മീൻചിറപ്പാട്ട് ബിബിൻ (30),കോയിപ്രം കടപ്ര ചെമ്പകശ്ശേരിപ്പടി സ്വദേശികളായ ചിറയിൽ കുറ്റിയിൽ അനന്തു (25), അജിൻ (20)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എക്സഡോസ് റിവൈവൽ ചർച്ചിൽ നിന്ന് കാരൾ നടത്തിയ കോയിപ്രം നെല്ലിക്കാല കരിയിലമുക്ക് സയൺ വില്ലയിൽ എം.എസ്.മിഥിനും സംഘത്തിനുമാണു മർദനമേറ്റത്. മിഥിന്റെ നേതൃത്വത്തിലുള്ള കാരൾ സംഘം കുമ്പനാട്ടുള്ള ഷിന്റോ എന്നയാളുടെ വീട്ടിലേക്ക് പോകുന്ന വഴിയാണു സംഭവം. മിഥിൻ കാറിന്റെ ഹെഡ് ലൈറ്റ് പ്രകാശം കുറച്ചില്ലെന്നും വെളിച്ചം മുഖത്തടിച്ചെന്നും പറഞ്ഞാണ് പതിനഞ്ചോളം വരുന്ന പ്രതികൾ കാരൾ സംഘവുമായി തർക്കമുണ്ടാക്കിയത്. മിഥിന്റെ പരാതി പ്രകാരം കേസെടുത്ത പൊലീസ് ഉടൻ തന്നെ 4 പ്രതികളെയും അവരുടെ വീടുകളുടെ സമീപത്തു നിന്നു കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.