ദേവലോകം പെരുന്നാൾ ജനുവരി 2നും 3നും
Mail This Article
കോട്ടയം ∙ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ മൂന്നാമത്തെ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 61-ാമത് ഓർമപ്പെരുന്നാളും ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ, പരിശുദ്ധ മാർത്തോമ്മാ മാത്യൂസ് പ്രഥമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്നീ ബാവാമാരുടെ സംയുക്ത ഓർമയും ജനുവരി 2, 3 തീയതികളിലായി ദേവലോകം അരമനയിൽ ആചരിക്കും.
ദിവസവും രാവിലെ 7നു കുർബാന. സന്ധ്യാനമസ്‌കാരവും ഉണ്ടാകും. ജനുവരി ഒന്നിനു ഗീവർഗീസ് മാർ കൂറിലോസ് കുർബാന അർപ്പിക്കും. 2നു രാവിലെ ഏബ്രഹാം മാർ സ്‌തേഫാനോസ് കുർബാന അർപ്പിക്കും. ഗീവർഗീസ് ദ്വിതീയൻ ബാവായുടെ മാതൃദേവാലയമായ കുറിച്ചി വലിയ പള്ളിയിൽ നിന്നു 2ന് ഉച്ചയ്ക്ക് 2.30നു കാൽനട തീർഥയാത്ര ആരംഭിക്കും. ദേവലോകം അരമനയിൽ 6.30നു സന്ധ്യാനമസ്‌കാരം. തുടർന്ന് അനുസ്മരണ പ്രഭാഷണം, ധൂപപ്രാർഥന, ശ്ലൈഹിക വാഴ്‌വ്.
3നു രാവിലെ 7.30നു മൂന്നിന്മേൽ കുർബാനയ്ക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികനാകും. തുടർന്നു ധൂപപ്രാർഥന, പ്രദക്ഷിണം ആശീർവാദം, നേർച്ചവിളമ്പ്.