ഡാർവിനിലെ സ്മൃതികുടീരത്തിന് തലശ്ശേരിയിൽ കുടുംബവേരുകൾ
Mail This Article
തലശ്ശേരി ∙ 1974ലെ ക്രിസ്മസ് ദിനത്തിൽ ഓസ്ട്രേലിയയിൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന മലയാളി മാലിനി പാലത്തിൽ ബെല്ലിന്റെ കുടുംബവേരുകൾ ഇപ്പോഴും തലശ്ശേരിയിലുണ്ട്. മാലിനിയുടെ സഹോദരൻ റോബർട് ഐമറിയുടെ ഭാര്യ കമലയും മകൾ വിദ്യയും അവരുടെ മക്കളുമാണു തലശ്ശേരി ചേറ്റംകുന്നിലെ പാലത്തിൽവീട്ടിൽ ഇപ്പോൾ താമസിക്കുന്നത്. ഗൾഫിൽ ഇന്ത്യൻ സ്കൂളിൽ അധ്യാപികയായ വിദ്യ അവധിക്കു നാട്ടിലെത്തിയതാണ്.
-
Also Read
പെരിയ കേസ്: വിധി ഇന്ന്
‘ശോഭ, പ്രകാശ് (ജോൺ) എന്നിവരായിരുന്നു മാലിനി ആന്റിയുടെ മക്കൾ. 17 വയസ്സുവരെ ഇവിടെയാണ് അവർ പഠിച്ചതും വളർന്നതും. പിന്നീട് ഓസ്ട്രേലിയയിലേക്കു കുടിയേറി’ – വിദ്യ പറഞ്ഞു.
ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രികൂടിയായ മലയാളി ജിൻസൺ ആന്റോ ചാൾസാണ് ഈയിടെ സുഹൃത്തിന്റെ സഹായത്തോടെ മാലിനിയുടെ കല്ലറ കണ്ടെത്തിയത്. ഡാർവിനിലെ കല്ലറയിൽ പുഷ്പചക്രം സമർപ്പിക്കുന്ന ഫോട്ടോ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതുകണ്ട് മാലിനിയെക്കുറിച്ചു തനിക്കറിയാവുന്ന വിവരങ്ങൾ ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽനിന്നു വിരമിച്ച തലശ്ശേരി സ്വദേശി സതീഷ് വില്യംസ്, ജിൻസണു കൈമാറുകയായിരുന്നു.