വ്യാപാരാവശ്യത്തിനുള്ള സ്വർണം: ഇ–വേ ബിൽ നിർബന്ധം; പരിധി 10 ലക്ഷം
Mail This Article
തിരുവനന്തപുരം ∙ വ്യാപാരാവശ്യങ്ങൾക്കായി 10 ലക്ഷം രൂപയ്ക്കു മേൽ വിലയുള്ള സ്വർണം ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകുന്നതിന് ഇ–വേ ബിൽ നിർബന്ധമാക്കി. സംസ്ഥാന ജിഎസ്ടി വകുപ്പ് ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജനുവരി 1 മുതൽ ഇതു പ്രാബല്യത്തിലാകും. വ്യക്തികൾ സ്വകാര്യ ആവശ്യത്തിനായി കൊണ്ടുപോകുന്ന സ്വർണത്തിന് ഇൗ പരിധി ബാധകമല്ല.
ആദായനികുതി നിയമമനുസരിച്ച് വിവാഹിതയായ ഒരു സ്ത്രീക്ക് 500 ഗ്രാം സ്വർണം കൈവശം വയ്ക്കാം. 500 ഗ്രാം സ്വർണത്തിന് 35 ലക്ഷം രൂപയിലേറെ വില വരും. സ്വകാര്യ വ്യക്തികൾക്ക് 35 ലക്ഷം രൂപയുടെ സ്വർണം കൈവശം വയ്ക്കാമെന്നിരിക്കെ, കച്ചവടക്കാർക്ക് 10 ലക്ഷം രൂപയിലേറെ വിലയുള്ള സ്വർണത്തിനു ഇ–വേ ബിൽ വേണമെന്ന നിബന്ധന കള്ളക്കടത്തിനു കാരണമാകുമെന്ന് പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ, സ്വർണം കൈവശം വയ്ക്കുന്ന സ്വകാര്യ വ്യക്തികൾക്ക് അതു വാങ്ങിയതിന്റെയും മറ്റും രേഖകൾ കാട്ടി കച്ചവട ആവശ്യത്തിനല്ലെന്നു ബോധ്യപ്പെടുത്താനാകുമെന്നാണ് ജി എസ്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.