ADVERTISEMENT

തിരുവനന്തപുരം/കൊല്ലം∙ സ്ത്രീധന പീഡനത്തെത്തുടർന്ന് ആയുർവേദ മെഡിക്കൽ വിദ്യാർഥിനി നിലമേൽ കൈതോട് സ്വദേശി വിസ്മയ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിനു പരോൾ നൽകിയതിനെച്ചൊല്ലി വിവാദം. പരോളിനെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകാൻ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ ഇന്നലെ തിരുവനന്തപുരത്ത് എത്തിയെങ്കിലും മുഖ്യമന്ത്രിയെ കാണാനായില്ല. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക തിരക്കുകൾ മൂലമാണു കൂടിക്കാഴ്ച നടക്കാതിരുന്നത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ അദ്ദേഹം കണ്ടു. പരാതി വരുംദിവസങ്ങളിൽ മുഖ്യമന്ത്രിക്കു നേരിട്ടു കൈമാറും.  പൊലീസ് റിപ്പോർട്ട് ലംഘിച്ചാണു പരോൾ അനുവദിച്ചതെന്നും സ്ത്രീധന പീഡനത്തെത്തുടർന്നാണു വിസ്മയയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. കിരണിനു പരോൾ അനുവദിക്കാൻ എന്ത് നിയമ വ്യവസ്ഥയാണു സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. 

കേസിൽ 10 വർഷം ശിക്ഷിക്കപ്പെട്ടു പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കിരൺ ഒരാഴ്ച മുൻപാണു പരോളിൽ പുറത്തിറങ്ങിയത്. കിരണിനു പരോൾ നൽകുന്നതിനു പൊലീസ് റിപ്പോർട്ട് എതിരായിരുന്നു. എന്നാൽ, വീട്ടിലെ സ്വീകാര്യത സംബന്ധിച്ചുള്ള പ്രബേഷൻ റിപ്പോർട്ട് അനുകൂലവും. പൊലീസ് റിപ്പോർട്ട് പരിശോധിക്കണമെന്നല്ലാതെ അംഗീകരിക്കണമെന്നു ജയിൽ ചട്ടത്തിൽ വ്യവസ്ഥയില്ല. ഈ പഴുതുപയോഗിച്ചാണു ജയിൽവകുപ്പ് മേധാവി 30 ദിവസത്തെ പരോൾ നൽകിയത്. 

ആദ്യത്തെ പരോളിനു മാത്രമാണു പൊലീസ് പ്രബേഷൻ റിപ്പോർട്ട് തേടുക. സ്ഥിരം കുറ്റവാളികൾക്കും വലിയ അളവിൽ ലഹരി കടത്ത്,ലൈംഗിക പീഡനത്തിനു ശേഷമുള്ള കൊലപാതകം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും ‘സാധാരണ പരോൾ’ അനുവദിക്കാറില്ല. ഇവർക്ക് അടിയന്തര പരോളാണു ലഭിക്കുക. അതേസമയം, മറ്റു കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ ജയിലിൽ ‘നല്ല നടപ്പു’കാരാണെങ്കിൽ സാധാരണ പരോളിന് അർഹതയുണ്ട്.

English Summary:

Vismaya Case: Controversy over parole granted to Vismaya case accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com