മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ: പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ഇന്ന്
Mail This Article
തിരുവനന്തപുരം∙ വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള പദ്ധതിക്ക് ഇന്നുചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകും. 2 എസ്റ്റേറ്റുകളിലായി ടൗൺഷിപ്പുകൾ വികസിപ്പിച്ച് വീടുകൾ നിർമിക്കാനുള്ള കർമപദ്ധതിയുടെ കരടുരേഖ കഴിഞ്ഞമാസം 22നു ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ചർച്ച ചെയ്തിരുന്നു. തൊട്ടടുത്ത മന്ത്രിസഭാ യോഗം അംഗീകാരം നൽകുമെന്നു തീരുമാനിച്ചെങ്കിലും മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്, എം.ടി.വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച യോഗം ചേർന്നില്ല.
എത്ര വീടുകൾ നിർമിക്കണമെന്ന കാര്യത്തിലും മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. സാമ്പത്തികസഹായം വാഗ്ദാനം ചെയ്ത സ്പോൺസർമാരുമായി മുഖ്യമന്ത്രി ഇന്നു ചർച്ച നടത്തും. രാഹുൽ ഗാന്ധി 100 വീടുകൾ വാഗ്ദാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രതിനിധിയെന്ന നിലയിൽ ടി.സിദ്ദിഖ് എംഎൽഎ ചർച്ചയിൽ പങ്കെടുക്കും. വീടുകൾ വാഗ്ദാനം ചെയ്ത കർണാടക സർക്കാരിന്റെ പ്രതിനിധിയും ചർച്ചയ്ക്കെത്തും. അൻപതിലേറെ വീടുകൾക്കു പണം നൽകുന്നവരെ പ്രധാന സ്പോൺസർമാരായി പരിഗണിക്കും. സ്പോൺസർമാരുടെ പട്ടികയിൽ രാഷ്ട്രീയ പാർട്ടികളും വ്യവസായികളുമുണ്ട്.
കേന്ദ്രം 5 മാസം വൈകിപ്പിച്ചു:മന്ത്രി
തിരുവനന്തപുരം ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ഏത് വിഭാഗത്തിൽ ഉൾപ്പെടുത്താമെന്ന കാര്യത്തിൽ തീരുമാനം കേന്ദ്ര സർക്കാർ 5 മാസത്തോളം ബോധപൂർവം വൈകിപ്പിച്ചതായി മന്ത്രി കെ.രാജൻ. ദുരന്തമുണ്ടായി 10 ദിവസത്തിനകം കേന്ദ്ര സർക്കാരിനു സമർപ്പിച്ച 3 പ്രധാന ആവശ്യങ്ങളിൽ ഒന്ന് തത്വത്തിൽ അംഗീകരിച്ചെന്ന കാര്യം അറിയിക്കാൻ ഇത്രയും വൈകിയത് സംശയകരമാണ്.
ദുരന്തമുണ്ടായി ഒരു മാസത്തിനകം ചൂരൽമല സന്ദർശിച്ച കേന്ദ്രസമിതി (ഐഎംസിടി) ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. അവരുടെ ശുപാർശ ഒരു മാസത്തിനകം കേന്ദ്ര മന്ത്രാലയത്തിനു ലഭിച്ചു. എന്നാൽ, ഉന്നതതലസമിതി (എച്ച്എൽസി) ചേരും വരെ രണ്ടു മാസം ഈ ശുപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കസ്റ്റഡിയിൽ വച്ചു.
എച്ച്എൽസി യോഗത്തിന്റെ നിലപാട് ഡിസംബർ ആദ്യവാരം കേരളത്തെ അറിയിച്ചപ്പോൾ അതിതീവ്ര ദുരന്തമാണോ എന്നു രേഖപ്പെടുത്തിയില്ല. കഴിഞ്ഞ 28നു അയച്ച കത്തിനു തിങ്കളാഴ്ച പ്രിൻസിപ്പൽ സെക്രട്ടറിക്കു ലഭിച്ച മറുപടിയിലാണ് അതിതീവ്രം എന്നു സ്ഥിരീകരിച്ചത്. കേരളത്തിന് അനുവദിച്ച സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ (എസ്ടിആർഎഫ്) നിന്ന് 153 കോടി രൂപ (50%) ഉപയോഗിക്കാനുള്ള അവസരം ഉന്നതതലസമിതി നൽകിയെന്നു കേന്ദ്രം പറഞ്ഞത് ഹൈക്കോടതിയെയും കേരളത്തിലെ ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി എടുത്ത ഈ നിലപാട് ഏറെ അപമാനകരമാണ്. ദുരന്തനിവാരണ ഘട്ടത്തിൽ 1202 കോടി രൂപയുടെ നഷ്ടപരിഹാരവും അധികച്ചെലവ് പ്രതീക്ഷിച്ച് അടിയന്തര സഹായമായി 219 കോടി രൂപയും നൽകണമെന്ന് ആവശ്യപ്പെട്ടതിനും മറുപടിയില്ല. ചൂരൽമലയിലെ ദുരിതബാധിതരുടെ കടങ്ങൾ ദുരന്തനിവാരണ നിയമപ്രകാരം, എഴുതിത്തള്ളാൻ കേന്ദ്രം മടിക്കുന്നതു സംശയാസ്പദമാണ്. കേരള ബാങ്ക് ദുരിതബാധിതരായ ആളുകളുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളി മാതൃക കാണിച്ചതായും മന്ത്രി കെ.രാജൻ പറഞ്ഞു.
കേന്ദ്രപദ്ധതി ഫണ്ട് ഉപയോഗിക്കാൻ ശ്രമം; കേന്ദ്രവുമായി സംസ്ഥാനം
ചർച്ച നടത്തും
തിരുവനന്തപുരം ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ 25 % ഫ്ലെക്സി ഫണ്ടായി വിനിയോഗിക്കാനുള്ള സാധ്യത കേരളം പരിശോധിക്കുന്നു. ഇതെക്കുറിച്ച് കേന്ദ്രവുമായി ചർച്ച നടത്തും. ദുരന്ത പശ്ചാത്തലത്തിൽ, കേന്ദ്രപദ്ധതികൾക്കുള്ള ഫണ്ടിലെ നിശ്ചിത തുക ഫ്ലെക്സി ഫണ്ടായി പുനരധിവാസ പദ്ധതികൾക്ക് ഉപയോഗിക്കാമെന്നതാണ് വ്യവസ്ഥ.
ഇതിനു പുറമേ, മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക സഹായ പദ്ധതിയിൽ കേരളത്തിനു ലഭിക്കുന്ന തുകയുടെ 50% പുനർനിർമാണത്തിനു വിനിയോഗിക്കാൻ കേന്ദ്രത്തിന് അനുവദിക്കാമെന്നും ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.