കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തിന് കൂട്ടത്തോടെ എത്തി സിപിഎം നേതാക്കൾ
Mail This Article
തലശ്ശേരി ∙ ബിജെപി പ്രവർത്തകൻ വടക്കുമ്പാട്ടെ നിഖിൽ കൊല്ലപ്പെട്ട കേസിലെ പ്രതി വടക്കുമ്പാട്ടെ ശ്രീജിത്തിന്റെ ഗൃഹപ്രവേശത്തിൽ പങ്കെടുത്ത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ, ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഉൾപ്പെടെയുള്ള നേതാക്കൾ. പ്രാദേശിക നേതാക്കളും പ്രവർത്തകരും ചടങ്ങിനെത്തി. ചുവന്ന റിബൺ മുറിച്ചു ഗൃഹപ്രവേശം ഉദ്ഘാടനം ചെയ്തത് പി.ജയരാജനാണ്.
-
Also Read
ആയുഷ്കാലം കൂട്ട് വിഡിയോ ഗെയിം
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പരോളിലിറങ്ങിയ പ്രതി മുഹമ്മദ് ഷാഫിയും പങ്കെടുത്തു. 2008 മാർച്ച് 5ന് ആണ് നിഖിൽ കൊല്ലപ്പെട്ടത്. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശ്രീജിത്ത് ഇപ്പോൾ പരോളിലാണ്. കൊലപാതകത്തെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു.
കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. വ്യക്തിപരമായ ചടങ്ങുകളിൽ പോവുകയെന്നത് ഔചിത്യമാണ്. കേസുകളിൽ പ്രതിചേർക്കപ്പെടുന്നവരും മനുഷ്യരാണെന്ന കാര്യം ഓർക്കണം. അവർക്കും മാതാപിതാക്കളും കുടുംബവുമുണ്ട്. ഗൃഹപ്രവേശത്തിന് ക്ഷണിച്ചത് ശ്രീജിത്തിന്റെ അച്ഛനാണെന്നും ജയരാജൻ പറഞ്ഞു.