ജോജി സൈമണ് ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ
Mail This Article
കോട്ടയം ∙ മലയാള മനോരമയിലെ പത്രപ്രവർത്തന മികവിനുള്ള 2024 ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ ജോജി സൈമണ് ലഭിച്ചു. സ്വർണമെഡലും 50,000 രൂപയും അടങ്ങുന്ന പുരസ്കാരം പുതുവത്സര ദിനത്തിൽ ചീഫ് എഡിറ്റർ മാമ്മൻ മാത്യു സമ്മാനിച്ചു. റിപ്പോർട്ടിങ്ങിലെ മികവിനാണു പുരസ്കാരം.
തൃശൂർ പൂരം കലക്കിയതിനെപ്പറ്റി എഡിജിപിയുടെ റിപ്പോർട്ട്, സ്മാർട് സിറ്റി കരാറിലെ ദുരൂഹത, കെഫോണിനെതിരായ ഓഡിറ്റ് റിപ്പോർട്ട്, എഐ ക്യാമറ വിവാദം, ലോക കേരള സഭ സ്പോൺസർഷിപ്, ഗവർണർ– സർക്കാർ പോര്, മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ കൈവശം ആനയുടെ ഉടമസ്ഥാവകാശ രേഖയില്ലെന്ന റിപ്പോർട്ട് തുടങ്ങി ഒട്ടേറെ വാർത്തകൾ പുറത്തു കൊണ്ടുവന്നു.
കുട്ടികളുടെ വാക്സിനേഷൻ വിമുഖതയെക്കുറിച്ചുള്ള വാർത്തയ്ക്ക് 2017 ലെ യുനിസെഫ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. എംജി സർവകലാശാലയിൽനിന്നു പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജോജി എറണാകുളം പാമ്പാക്കുട കിഴക്കേ അയ്യംമറ്റത്തിൽ പരേതനായ കെ.എസ്.സൈമണിന്റെയും അന്നക്കുട്ടി സൈമണിന്റെയും മകനാണ്. കേരള സ്റ്റാർട്ടപ് മിഷൻ അസി.മാനേജർ വി.എ.അഷിതയാണു ഭാര്യ. മകൻ: ആദം ബീഥോവൻ.