പാഴ്വസ്തുക്കൾ വലിച്ചെറിഞ്ഞാൽ പിഴ 10,000; നിരീക്ഷണം കർശനമാക്കുമെന്ന് മന്ത്രി
Mail This Article
തിരുവനന്തപുരം ∙ പൊതുസ്ഥലങ്ങളിൽ എന്ത് പാഴ്‌വസ്തു വലിച്ചെറിഞ്ഞാലും 10,000 രൂപ വരെ പിഴയും ജലാശയങ്ങളിൽ മാലിന്യം തള്ളിയാൽ ലക്ഷം രൂപ വരെ പിഴയും തടവുശിക്ഷയും നൽകുന്നത് ഉറപ്പാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്സിലെ വ്യാപാരസ്ഥാപനങ്ങളിൽ എത്തി വലിച്ചെറിയൽ വിരുദ്ധ സന്ദേശം നൽകിയ മന്ത്രി, പാളയത്ത് പുതുതായി സ്ഥാപിച്ച ബിന്നുകളുടെ ഉദ്ഘാടനവും നിർവഹിച്ചു.
പിഴ ഈടാക്കുന്നതിനു മുന്നോടിയായാണു വലിച്ചെറിയൽ വിരുദ്ധ പ്രചാരണം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനകീയ സംഘടനകളും ഉൾപ്പെടെ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു. മാലിന്യം എത്ര ചെറുതായാലും ബിന്നുകളിൽ ഇടുകയോ വീടുകളിൽ കൊണ്ടുപോയി ഹരിതകർമസേനാംഗങ്ങൾക്ക് കൈമാറുകയോ വേണമെന്ന് മന്ത്രി പറഞ്ഞു.
നിയമലംഘനത്തിന്റെ ഫോട്ടോയെടുക്കാം; സമ്മാനം നേടാം
പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ്‌വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നതിന്റെ ഫോട്ടോയോ വിഡിയോയോ 9446700800 എന്ന വാട്സാപ് നമ്പറിലേക്ക് അയയ്ക്കാം. ആളെയോ വാഹന നമ്പറോ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലാകണം ഇത്. ഇത്തരം നിയമലംഘനങ്ങൾ പരിശോധിച്ച് 10,000 രൂപ ശിക്ഷ ഈടാക്കിയാൽ അതിൽ 2500 രൂപ വിവരം അറിയിച്ചവർക്കു ലഭിക്കും.