പുതിയ ഗവർണർ അർലേക്കറുടെ സത്യപ്രതിജ്ഞ ഇന്ന്
Mail This Article
തിരുവനന്തപുരം ∙ ബിഹാർ ഗവർണർ സ്ഥാനമൊഴിഞ്ഞ രാജേന്ദ്ര വിശ്വനാഥ് അർലേകർ ഇന്നു കേരള ഗവർണറായി ചുമതലയേൽക്കും. രാവിലെ 10.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ഗവർണർക്കു സത്യവാചകം ചൊല്ലിക്കൊടുക്കും.
ഇന്നലെ എത്തിയ അർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, മേയർ ആര്യ രാജേന്ദ്രൻ, എംപിമാരായ ശശി തരൂർ, എ.എ.റഹീം, ആന്റണി രാജു എംഎൽഎ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുടങ്ങിയവർ ചേർന്നു വിമാനത്താവളത്തിൽ സ്വീകരിച്ചു. അർലേക്കർക്കൊപ്പം ഭാര്യ അനഘ അർലേക്കറും ഉണ്ടായിരുന്നു. ചുമതലയേറ്റ് രണ്ടാഴ്ച കഴിയുമ്പോഴേക്കും ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുന്നുവെന്ന പ്രത്യേക ഇത്തവണയുണ്ട്.
17ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് അടുത്ത നിയമസഭാ സമ്മേളനം ആരംഭിക്കുക. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചകൾക്കു ശേഷം 23ന് സമ്മേളനം പിരിയും. പിന്നാലെ ഫെബ്രുവരി 7ന് മന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും.
ഗോവ ഗവർണറെ സന്ദർശിച്ചു
പനജി ∙ രാജേന്ദ്ര വിശ്വനാഥ് അർലേകർ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയെ സന്ദർശിച്ചു. കേരളത്തിന്റെ സമഗ്രവികസനത്തിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം സന്ദർശനശേഷം പറഞ്ഞു.