'പരിസ്ഥിതി പഠനത്തിൽ വേദപുസ്തകം പോലെ': സൈലന്റ് വാലി അണക്കെട്ട് ഇല്ലാതാക്കിയത് മണിലാലിന്റെ പഠന റിപ്പോർട്ട്
Mail This Article
പാലക്കാട്ടെ സൈലന്റ് വാലി എന്ന നിശ്ശബ്ദ താഴ്‌വര പാരിസ്ഥിതിക ആഘാതമൊന്നുമേൽക്കാതെ തനിമയോടെ നിലനിൽക്കുന്നതിൽ നാം കടപ്പെട്ടിരിക്കുന്ന പ്രമുഖരിൽ ഒരാളാണ് ഡോ.കെ.എസ്.മണിലാൽ. സൈലന്റ് വാലിയിലെ സസ്യ സമ്പത്തിനെക്കുറിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അവിടെ അണക്കെട്ട് നിർമിക്കേണ്ടെന്ന തീരുമാനം അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി കൈക്കൊണ്ടത്.
സാമൂഹികമായി അദ്ദേഹത്തിന്റെ വലിയ സംഭാവന ഇതാണെങ്കിൽ പരിസ്ഥിതി ശാസ്ത്രത്തിൽ അദ്ദേഹം എന്നും ചരിത്രത്തിൽ ഇടം പിടിക്കുക ഹോർത്തൂസ് മലബാറിക്കൂസ് പരിഭാഷപ്പെടുത്തിയതിന്റെ പേരിൽ തന്നെയാണ്. മൂന്നര പതിറ്റാണ്ടാണ് ഒരു തപസ്സ് പോലെ ആ ദൗത്യത്തിനായി അദ്ദേഹം ഉഴിഞ്ഞുവച്ചത്. വെറുതേ പരിഭാഷപ്പെടുത്തുന്നതിനപ്പുറം അതിൽ പ്രതിപാദിക്കുന്ന സസ്യങ്ങളുടെ ആധുനിക സസ്യനാമകരണം തയ്യാറാക്കിയെന്നതും ഡോ.മണിലാലിന്റെ വലിയ സംഭാവനയാണ്. അദ്ദേഹം രചിച്ച ഗവേഷണ പ്രബന്ധങ്ങളും പുസ്തകങ്ങളും എന്നും പരിസ്ഥിതി ശാസ്ത്ര പഠിതാക്കൾക്ക് വേദപുസ്തകങ്ങൾ പോലെ സവിശേഷം തന്നെ.