ADVERTISEMENT

തൃശൂർ ∙ സസ്യജാലങ്ങളുടെ ലോകത്ത് അർപ്പിച്ച ജീവിതമായിരുന്നു ഡോ. കെ.എസ്.മണിലാലിന്റേത്. 17–ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയാൻ വാൻ റീഡ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് ലാറ്റിൻ ഭാഷയിൽ തയാറാക്കിയ 12 വോള്യം ‘ഹോർത്തൂസ് മലബാറിക്കൂസ്’ മണിലാലിന്റെ ശ്രമഫലമായി മലയാളത്തിലും ഇംഗ്ലിഷിലും പ്രസിദ്ധീകരിക്കപ്പെട്ടതിനു പിന്നിൽ ഒരു കഥയുണ്ട്. എന്നെങ്കിലുമൊരു പുസ്തകമെഴുതുമെങ്കിൽ അതു ഹോർത്തൂസ് മലബാറിക്കൂസിന്റെ പരിഭാഷ ആയിരിക്കണമെന്ന അമ്മയുടെ വാക്കുകളാണത്രേ മണിലാലിനു പ്രചോദനമായത്.

ഡെറാഡൂണിൽ പഠനയാത്ര പോയപ്പോഴാണ് അദ്ദേഹം ഹോർത്തൂസ് മലബാറിക്കൂസ് ആദ്യമായി കണ്ടത്. കാലിക്കറ്റ് സർവകലാശാലയിൽ ജോലി ലഭിക്കും മുൻപേ ഗവേഷണം തുടങ്ങിയെങ്കിലും വിരമിച്ചശേഷമാണു കൂടുതൽ സമയം ചെലവഴിച്ചത്.

1958 ൽ എന്തോ ആവശ്യത്തിനായി കോയമ്പത്തൂരിലെ കാർഷിക സർവകലാശാലയിൽ ചെന്ന മണിലാൽ ശുചിമുറിയിൽ പോകാനായി ഇറങ്ങവേ ഇടനാഴിയുടെ ഒരു വശത്ത് കൂട്ടിയിട്ട പഴയ പുസ്തകങ്ങൾക്കിടയിൽനിന്ന് ഹോർത്തൂസ് മലബാറിക്കൂസിന്റെ കോപ്പി കണ്ടെടുത്തത് വഴിത്തിരിവായി. ആ പുസ്തകത്തിന്റെ പകർപ്പ് എടുക്കാൻ 25,000 രൂപ ചെലവാക്കി. അക്കാലത്ത് അഞ്ചേക്കർ നിലം വാങ്ങാൻ പോന്ന തുക !

വിവരശേഖരണത്തിനു ബ്രിട്ടൻ, യുഎസ്, നെതർലൻഡ്സ്, റഷ്യ എന്നീ രാജ്യങ്ങളിൽ പോയി. വാൻ റീഡ് അന്ത്യവിശ്രമം കൊള്ളുന്ന സൂറത്തിലെ മുസോളിയം സന്ദർശിച്ചു ചിത്രങ്ങളെടുത്തു ഡച്ച് എംബസിക്ക് വിശദാംശങ്ങൾക്കായി അയയ്ക്കുകയും ചെയ്തു. പുസ്തകത്തിൽ പരാമർശിച്ച മുഴുവൻ ചെടികളും (679 ൽ ഒന്നൊഴികെ) കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്നു കണ്ടെത്തി, ഇനം തിരിച്ചറിഞ്ഞ് സസ്യമാതൃകകൾ ഉണക്കി ഹെർബേറിയത്തിൽ സൂക്ഷിക്കുകയും ചെയ്തു. 27 വർഷമെടുത്താണു ചെടികൾ ശേഖരിച്ചത്. ലാറ്റിനിൽനിന്നുള്ള തർജമയിൽ വൈദികരുടെ സഹായത്തിനായി 12 വർഷത്തോളം വാരാന്ത്യങ്ങളിൽ തേഞ്ഞിപ്പലത്തുനിന്നു കൊച്ചിയിലേക്കു ബസ് യാത്ര ചെയ്തു.

മലയാളികളായ സസ്യശാസ്ത്രജ്ഞർ ഗുരുതുല്യനായിരുന്നു ഡോ. കെ.എസ്. മണിലാൽ. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് 1999 ൽ വിരമിച്ച ശേഷം എരഞ്ഞിപ്പാലം ജവാഹർ നഗറിലെ വീട്ടിൽ ആയിരുന്നു. 2006 മുതൽ വീൽചെയറിൽ കഴിയുമ്പോഴും പഠനം തുടരുകയാണെന്നായിരുന്നു മണിലാൽ പറഞ്ഞത്. 3 വർഷം മുൻപാണ് അദ്ദേഹവും ഭാര്യയും കോഴിക്കോട്ടെ വീടുവിട്ട് തൃശൂരിൽ മകളുടെ വീട്ടിലേക്കു താമസം മാറ്റിയത്.

ഹോർത്തൂസ് സാംസ്കാരികോത്സവത്തിന്റെ ഭാഗമായി മലയാള മനോരമ സംഘടിപ്പിച്ച അക്ഷരപ്രയാണത്തിന്റെ ആദരം കൂടി ഏറ്റുവാങ്ങിയാണ് മണിലാൽ വിടവാങ്ങുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഹോർത്തൂസ് അക്ഷരപ്രയാണം തൃശൂർ വടൂക്കരയിലെ വീട്ടിലെത്തിയാണ് അദ്ദേഹത്തിന് ആദരമേകിയത്.

English Summary:

A Legacy in Leaves: Remembering Dr. K.S. Manilal's contribution to botany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com