മന്നം ജയന്തിയാഘോഷം: പ്രൗഢഗംഭീര തുടക്കം
Mail This Article
ചങ്ങനാശേരി ∙ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ ജയന്തിയാഘോഷങ്ങൾക്ക് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് പ്രൗഢഗംഭീരമായ തുടക്കം. സമുദായ പ്രൗഢിയും സംഘടനാ അടിത്തറയുടെ കെട്ടുറുപ്പും വിളിച്ചോതിയ അഖില കേരള നായർ പ്രതിനിധി സമ്മേളനത്തോടെ മന്നത്ത് പത്മനാഭന്റെ 148ാം ജയന്തി ആഘോഷത്തിനാണ് തിരിതെളിഞ്ഞത്. സംസ്ഥാനത്തെ 60 താലൂക്ക് യൂണിയനിലെ കരയോഗങ്ങൾ, വനിതാ സമാജങ്ങൾ, ബാലസമാജങ്ങൾ എന്നിവയുടെ പ്രതിനിധികൾ നായർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തു. എൻഎസ്എസ് ആസ്ഥാനത്തെ വിദ്യാഭ്യാസ സമുച്ചയ മൈതാനിയിലെ മന്നം നഗറിൽ അരലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ചിരിക്കുന്ന പന്തലും നിറഞ്ഞു പ്രതിനിധികൾ എത്തിയതോടെ പുതുവത്സര ദിനത്തിലെ സമ്മേളനം സമുദായ കൂട്ടായ്മയുടെ വിജയമായി. പ്രതിനിധികളെ കൂടാതെ മന്നം സമാധിയിൽ പ്രാർഥനാപുഷ്പങ്ങൾ അർപ്പിക്കാൻ ആയിരക്കണക്കിനു സമുദായസ്നേഹികളും കടന്നുവന്നു. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നേതൃത്വത്തിൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സമ്മേളന വേദിയിൽ മന്നത്ത് പത്മനാഭന്റെ ചിത്രത്തിനു മുൻപിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ
നായരും വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ചിത്രത്തിനു മുന്നിൽ പ്രസിഡന്റ് ഡോ.എം.ശശികുമാറും നിലവിളക്ക് തെളിച്ചു. ജനറൽ സെക്രട്ടറി വിശദീകരണപ്രസംഗം നടത്തി. ആനുകാലിക പ്രസക്തിയുള്ള പ്രമേയവും പാസാക്കി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രവർത്തകർക്കായി എൻഎസ്എസിന്റെ വിവിധ സ്ഥാപനങ്ങളിലാണ് താമസസൗകര്യം ഒരുക്കിയത്.
മന്നം ജയന്തി ദിനമായ ഇന്ന് മന്നം സമാധിയിൽ പുഷ്പാർച്ചന അർപ്പിക്കാനും സമ്മേളനത്തിൽ പങ്കെടുക്കാനും പതിനായിരക്കണക്കിനു സമുദായാംഗങ്ങളും സമുദായസ്നേഹികളും പെരുന്നയിലേക്ക് എത്തും. ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ എൻഎസ്എസ് കോളജ് മൈതാനത്ത് സൗകര്യമൊരുക്കിയിട്ടുണ്ട്. എൻഎസ്എസ് ഹിന്ദു കോളജ് ക്യാംപസിൽ എല്ലാവർക്കും ഭക്ഷണസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.