മുന്നാക്കക്ഷേമത്തിന് കമ്മിഷൻ രൂപീകരിക്കണം: എൻഎസ്എസ്
Mail This Article
ചങ്ങനാശേരി ∙ മുന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി ഭരണഘടനാധിഷ്ഠിതമായ ദേശീയ ഇഡബ്ല്യുഎസ് (ഇക്കണോമിക്കലി വീക്കർ സെക്‌ഷൻ) കമ്മിഷനും ദേശീയ ധനകാര്യ ഇഡബ്ല്യുഎസ് വികസന കോർപറേഷനും രൂപീകരിക്കണമെന്നു കേന്ദ്രസർക്കാരിനോട് എൻഎസ്എസ് ആവശ്യപ്പെട്ടു. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 148–ാം ജയന്തിയോടനുബന്ധിച്ചു പെരുന്ന എൻഎസ്എസ് ആസ്ഥാനത്തു നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിലെ പ്രമേയത്തിലാണ് ഈ ആവശ്യം. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണു പ്രമേയം അവതരിപ്പിച്ചത്.
രാഷ്ട്രീയക്കാർക്കു വേണ്ടതു വോട്ടുബാങ്കുകളെ മാത്രമാണെന്നും നായർ സമുദായം ഉൾപ്പെടുന്ന മുന്നാക്ക സമുദായങ്ങളെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നെന്നും സുകുമാരൻ നായർ വിമർശിച്ചു. പ്രതിനിധി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വോട്ടുബാങ്കുകളെ സ്വാധീനിക്കാൻ വേണ്ട സഹായം സർക്കാരുകൾ ചെയ്യും.
അവർക്ക് അനുകൂലമായ ഉത്തരവുകൾ പുറത്തിറക്കും. അനുകൂലമായ തീരുമാനങ്ങളുമെടുക്കും. എന്നാൽ ഇവിടെയെല്ലാം മുന്നാക്ക വിഭാഗത്തെ പൂർണമായും അവഗണിക്കുകയാണെന്നു സുകുമാരൻ നായർ പറഞ്ഞു. ഈ അവഗണനകളെ നേരിട്ടാണു നായർ സർവീസ് സൊസൈറ്റി സ്വന്തം കാലിൽ നിന്ന് വളർന്നതെന്നും സമുദായാചര്യൻ മന്നത്ത് പത്മനാഭന്റെ ദീർഘവീക്ഷണവും പ്രയത്നവുമാണ് എൻഎസ്എസിന്റെ വളർച്ചയ്ക്ക് അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസ് പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ട്രഷറർ എൻ.വി.അയ്യപ്പൻപിള്ള, എക്സിക്യൂട്ടീവ് കൗൺസിലംഗം ഹരികുമാർ കോയിക്കൽ, കരയോഗം റജിസ്ട്രാർ വി.വി.ശശിധരൻനായർ എന്നിവർ പ്രസംഗിച്ചു.
മന്നം ജയന്തി ദിനമായ ഇന്നു രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തും. 10.45നു ജയന്തി സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എംപി അനുസ്മരണ പ്രഭാഷണം നിർവഹിക്കും. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ട്രഷറർ എൻ.വി.അയ്യപ്പൻപിള്ള എന്നിവർ പ്രസംഗിക്കും.