കണമല അട്ടിവളവിൽ മിനി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു
Mail This Article
എരുമേലി ∙ ശബരിമല പാതയിലെ കണമല അട്ടിവളവ് ഇറക്കത്തിൽ, മിനി ബസ് നിയന്ത്രണംവിട്ട് ക്രാഷ് ബാരിയർ തകർത്തു മരത്തിലിടിച്ചു ഡ്രൈവർ മരിച്ചു. 14 പേർക്കു പരുക്കേറ്റു. 2 പേരുടെ നില ഗുരുതരം. ബസിന്റെ ഡ്രൈവർ തെലങ്കാന സ്വദേശി രാജു (55) ആണു മരിച്ചത്. 8 പേർ ചികിത്സയിലാണ്.
തെലങ്കാനയിൽനിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് റോഡരികിലെ ആഞ്ഞിലിയിൽ ഇടിച്ചുനിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ പുലർച്ചെ 4.45ന് ആയിരുന്നു അപകടം. 29 പേരാണു ബസിൽ ഉണ്ടായിരുന്നത്.
ബസിൽ 2 ഡ്രൈവർമാരാണ് ഉണ്ടായിരുന്നത്. രാജു ആയിരുന്ന പ്രധാന ഡ്രൈവർ. എരുമേലിയിൽനിന്നു പമ്പയിലേക്കു ബസ് ഓടിക്കാൻ രണ്ടാമനെ ഏൽപിക്കുകയായിരുന്നു.
മുന്നിൽ പോയ വാഹനം പെട്ടെന്നു ബ്രേക്ക് ചെയ്തതു കണ്ട് മിനി ബസും ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം നഷ്ടമായെന്നാണു ഡ്രൈവറുടെ മൊഴി. അപകടസമയം രാജു ബസിന്റെ മുൻ വാതിലിനു സമീപം നിൽക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു.