പുനരധിവാസം: വീടിന്റെ നിർമാണച്ചെലവിൽ അഭിപ്രായവ്യത്യാസം; 30 ലക്ഷമെന്ന് സർക്കാർ, അമിതമെന്ന് പ്രതിപക്ഷം
Mail This Article
തിരുവനന്തപുരം ∙ വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്കു 2 ടൗൺഷിപ്പുകളിലും ഓരോ വീടിനുമുള്ള നിർമാണച്ചെലവ് സർക്കാർ 30 ലക്ഷം എന്നു കണക്കാക്കിയത് അമിതനിരക്കെന്നു പ്രതിപക്ഷവും ഡിവൈഎഫ്ഐ ഉൾപ്പെടെ സംഘടനകളും ചൂണ്ടിക്കാട്ടി. നൂറിൽപരം വീടുകൾ നിർമിക്കാമെന്നു വാഗ്ദാനം ചെയ്ത മുഖ്യ സ്പോൺസർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഓരോ വീടിനും ചെലവ് 30 ലക്ഷം രൂപയാണെന്ന് അറിയിച്ചത്. ഇതിനു പിന്നാലെയാണു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും ചെലവു കൂടിപ്പോയെന്നു വ്യക്തമാക്കിയത്.
രാഹുൽ ഗാന്ധി എംപിയുടെ പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത ടി.സിദ്ദിഖ് എംഎൽഎയും എതിർപ്പ് അറിയിച്ചു. ഇത്രയും ചെലവു കണക്കാക്കിയിരുന്നില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കളും കർണാടക സർക്കാരിന്റെ ഉൾപ്പെടെ പ്രതിനിധികളും യോഗത്തിൽ വ്യക്തമാക്കി. ഇതോടെ ചെലവ് 25 ലക്ഷമായി കുറയുമായിരിക്കുമെന്നു മുഖ്യമന്ത്രിയുടെ പ്രതികരണം വന്നു. കെപിസിസി– രാഹുൽഗാന്ധി എംപി എന്നിവർ ചേർന്ന് 100 വീടുകളും ഡിവൈഎഫ്ഐ 100 വീടുകളും നിർമിക്കാമെന്നാണു വാഗ്ദാനം ചെയ്തിട്ടുള്ളത്.
കൽപറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ 5 സെന്റിലും നെടുമ്പാല എസ്റ്റേറ്റിൽ 10 സെന്റിലും വീടു നിർമിക്കാനാണു സർക്കാർ തീരുമാനം. 2 ടൗൺഷിപ്പുകളിലും 10 സെന്റ് സ്ഥലത്തു തന്നെ 1000 ചതുരശ്രയടി വിസ്തീർണത്തിൽ വീടു നിർമിക്കണമെന്ന് വി.ഡി.സതീശൻ യോഗത്തിൽ ആവശ്യപ്പെട്ടു. 5 സെന്റിൽ നിർമിച്ചാൽ പരിമിതമായ സ്ഥലം മാത്രമേ ദുരിതബാധിതർക്കു ലഭിക്കൂ എന്നും സതീശൻ പറഞ്ഞു. ടി.സിദ്ദിഖും സ്ഥലം അനുവദിക്കുന്നതിൽ വിവേചനം പാടില്ലെന്നു വ്യക്തമാക്കി.
സ്ഥലം നൽകിയാൽ വീടു നിർമിക്കാൻ തയാറാണെന്ന് കെസിബിസി പ്രതിനിധി അറിയിച്ചപ്പോൾ സർക്കാർ തന്നെ വീടു നിർമിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഉരുൾപൊട്ടൽ ഉണ്ടായ വിലങ്ങാടിലെ ദുരിതബാധിതരുടെ കാര്യം കെസിബിസി പ്രതിനിധി യോഗത്തിൽ ഉന്നയിച്ചു. തുടർന്നാണ് അവർക്കു നഷ്ടപരിഹാരമായി 15 ലക്ഷം രൂപ വീതം നൽകുമെന്ന് അറിയിപ്പ് ഉണ്ടായത്.
ടൗൺഷിപ്പിന്റെ ലേ ഔട്ട്, ഡിസൈൻ, വീടുകളുടെ എണ്ണം, കളിസ്ഥലം, ആശുപത്രി, സ്കൂൾ തുടങ്ങിയവ യോഗത്തിൽ വിഡിയോ ആയി അവതരിപ്പിച്ചു. 38 സ്പോൺസർമാരാണ് വാഗ്ദാനവുമായി മുന്നോട്ടുവന്നത്. നാഷനൽ സർവീസ് സ്കീം, ശോഭ സിറ്റി തുടങ്ങിയവയുടെ പ്രതിനിധികളും മന്ത്രി കെ.രാജൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
സ്പോൺസർമാർ കണക്കാക്കിയത് 15 ലക്ഷം
മുഖ്യ സ്പോൺസർമാരായി യോഗത്തിൽ പങ്കെടുത്ത മിക്കവരും പരമാവധി 15 ലക്ഷം രൂപയാണ് ഓരോ വീടിന്റെയും നിർമാണച്ചെലവായി കണക്കാക്കിയതെന്നു സൂചന. എന്നാൽ, ചെലവ് 30 ലക്ഷം രൂപയാണു സർക്കാർ കണക്കാക്കുന്നതെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയതോടെ സ്പോൺസർമാരിൽ പലർക്കും അമ്പരപ്പായി.
പുനരധിവാസ പദ്ധതിക്ക് ത്രിതല സംവിധാനം; ടൗൺഷിപ്പിൽ ഉപജീവനത്തിനുള്ള സൗകര്യങ്ങളും
തിരുവനന്തപുരം∙ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ്പിൽ കൃഷി, മൃഗസംരക്ഷണം എന്നിവയടക്കം ഉപജീവനത്തിനുള്ള സൗകര്യങ്ങളൊരുക്കും.
ഇതിനായി മേപ്പാടി പഞ്ചായത്തിലെ 10,11, 12 വാർഡുകളിലുള്ള 1084 കുടുംബങ്ങളെ ഉൾപ്പെടുത്തി കുടുംബശ്രീ സർവേ നടത്തി. ഇതിൽ 1034 പേർ സൂക്ഷ്മ സംരംഭങ്ങളും 192 പേർ കാർഷിക മേഖലയും 79 പേർ മൃഗസംരക്ഷണവും തിരഞ്ഞെടുത്തു. 585 പേർ മറ്റു വരുമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ തിരഞ്ഞെടുത്തു.
സ്ത്രീകൾ, വിധവകൾ, വയോജനങ്ങൾ എന്നിവർ മാത്രമടങ്ങുന്ന കുടുംബങ്ങൾക്ക് ഉപജീവന മാർഗം കണ്ടെത്താൻ പ്രത്യേക പരിഗണന നൽകും. വീടു ലഭ്യമാക്കേണ്ട ഗുണഭോക്താക്കളെ 2 ഘട്ടമായാണു കണ്ടെത്തുന്നതെങ്കിലും പുനരധിവാസം ഒറ്റഘട്ടമായി നടപ്പാക്കും.
പുനരധിവാസ പദ്ധതിക്കായി ത്രിതല സംവിധാനമൊരുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതി പദ്ധതിക്കു നേതൃത്വം വഹിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതിയും കലക്ടർ നയിക്കുന്ന പദ്ധതി നിർവഹണ യൂണിറ്റും ഇതിന്റെ ഭാഗമായി പ്രവർത്തിക്കും. പദ്ധതി നടത്തിപ്പിൽ സുതാര്യതയും ഗുണമേൻമയും ഉറപ്പാക്കേണ്ട ചുമതല ചീഫ് സെക്രട്ടറിയുടെ സമിതിക്കാണ്.
സ്വതന്ത്ര എൻജിനീയർ, ഓഡിറ്റർ എന്നിവരെയും സമിതിയിലുൾപ്പെടുത്തും. ഇതിനു പുറമേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവും പ്രധാന സ്പോൺസർമാരും മന്ത്രിമാരുമടങ്ങുന്ന ഉപദേശക സമിതി രൂപീകരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കരാർ രേഖകളുടെ പരിശോധനച്ചുമതല ധനവകുപ്പിനായിരിക്കും. പദ്ധതിയുടെ ഭരണവകുപ്പായി ദുരന്തനിവാരണ വകുപ്പിനെ ചുമതലപ്പെടുത്തി.
വീടുകൾ ഉടൻ വിൽക്കാനാകില്ല
2 ടൗൺഷിപ്പുകളിലായി എത്ര വീടുകൾ വേണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പദ്ധതിയുടെ ഭാഗമായ വിവിധ ഏജൻസികളുമായി ചർച്ച ചെയ്ത് ഏതാനും ആഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ആവശ്യമായ അത്രയും വീടുകൾ നിർമിക്കാനുള്ള സ്ഥലം എസ്റ്റേറ്റുകളിൽ ഇല്ലെന്നാണു വിലയിരുത്തൽ.
സ്ഥലം തികഞ്ഞില്ലെങ്കിൽ, ടൗൺഷിപ്പിൽ പൊതുസ്ഥലങ്ങളായി നിശ്ചയിച്ച പ്രദേശങ്ങളിൽ കൂടി വീടുകൾ നിർമിക്കും. വീടുകളുടെ ഉടമസ്ഥാവകാശം ദുരന്തബാധിതർക്കായിരിക്കും. വീടുകൾ അവർ ഉടൻ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കും.
കേന്ദ്രത്തിന്റെ പ്രഖ്യാപനം സമ്മർദത്തിനൊടുവിൽ: മുഖ്യമന്ത്രി
തിരുവനന്തപുരം∙സംസ്ഥാനത്തിന്റെ നിരന്തര സമ്മർദത്തിനൊടുവിലാണ് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രം തയാറായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തമുണ്ടായി 2 മാസത്തിനകം ഈ പ്രഖ്യാപനം വന്നിരുന്നെങ്കിൽ ഐക്യരാഷ്ട്ര സംഘടന അടക്കമുള്ളവയിൽ നിന്നു സഹായം ലഭിക്കുമായിരുന്നു. എന്നാൽ, കാലതാമസമുണ്ടായതു മൂലം ഇനി എത്രത്തോളം സഹായം ലഭിക്കുമെന്നറിയില്ല.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ 25% വരെ ദുരന്തനിവാരണത്തിന് ഇനി വിനിയോഗിക്കാം. മൂലധന നിക്ഷേപത്തിനുള്ള പ്രത്യേക പദ്ധതി വഴി കേരളത്തിനു ലഭിച്ച തുകയുടെ 50 % അധികമായി ദുരന്തനിവാരണത്തിന് ആവശ്യപ്പെടാം. രാജ്യത്തെ മുഴുവൻ എംപിമാരോടും ദുരന്തനിവാരണത്തിനു പണം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെടും. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളണമെന്ന ആവശ്യം പരിഗണിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ദേശീയദുരന്തനിവാരണ അതോറിറ്റി യോഗം ചേരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ പ്രഖ്യാപനം സമ്മർദത്തിനൊടുവിൽ: മുഖ്യമന്ത്രി
തിരുവനന്തപുരം∙സംസ്ഥാനത്തിന്റെ നിരന്തര സമ്മർദത്തിനൊടുവിലാണ് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രം തയാറായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തമുണ്ടായി 2 മാസത്തിനകം ഈ പ്രഖ്യാപനം വന്നിരുന്നെങ്കിൽ ഐക്യരാഷ്ട്ര സംഘടന അടക്കമുള്ളവയിൽ നിന്നു സഹായം ലഭിക്കുമായിരുന്നു. എന്നാൽ, കാലതാമസമുണ്ടായതു മൂലം ഇനി എത്രത്തോളം സഹായം ലഭിക്കുമെന്നറിയില്ല.
അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ 25% വരെ ദുരന്തനിവാരണത്തിന് ഇനി വിനിയോഗിക്കാം. മൂലധന നിക്ഷേപത്തിനുള്ള പ്രത്യേക പദ്ധതി വഴി കേരളത്തിനു ലഭിച്ച തുകയുടെ 50 % അധികമായി ദുരന്തനിവാരണത്തിന് ആവശ്യപ്പെടാം. രാജ്യത്തെ മുഴുവൻ എംപിമാരോടും ദുരന്തനിവാരണത്തിനു പണം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെടും. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളണമെന്ന ആവശ്യം പരിഗണിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ദേശീയദുരന്തനിവാരണ അതോറിറ്റി യോഗം ചേരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എസ്റ്റേറ്റ് ഭൂമിയിൽ സർവേ തുടങ്ങി
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കു പുനരധിവാസത്തിനായി കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമിയിൽ സർവേ തുടങ്ങി. ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിനായി കൽപറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റും മേപ്പാടിയിൽ എച്ച്എംഎൽ ഉടമസ്ഥതയിലുള്ള നെടുമ്പാല എസ്റ്റേറ്റുമാണ് ഏറ്റെടുക്കുന്നത്. കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 58.50 ഹെക്ടർ ഭൂമിയിലായിരുന്നു പരിശോധന.
5 ദിവസത്തിനുള്ളിൽ സർവേ പൂർത്തിയാക്കിയ ശേഷം നെടുമ്പാല എസ്റ്റേറ്റിലെ 48.96 ഹെക്ടർ ഭൂമിയിലും സർവേ നടത്തും. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ സർക്കാർ ഏറ്റെടുത്ത എല്ലാ ഭൂമികളുടെയും ആധാരം പരിശോധിച്ചശേഷമാണു നഷ്ടപരിഹാരത്തുക അന്തിമമാക്കുക.