ടൗൺഷിപ്: സ്പോൺസർമാരുമായി സർക്കാർ കരാറുണ്ടാക്കും
Mail This Article
തിരുവനന്തപുരം∙ വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ്പിനു സഹായ വാഗ്ദാനം നൽകിയവരുമായി സർക്കാർ കരാറിലേർപ്പെടും. വലിയ തുക മുടക്കാൻ സന്നദ്ധത അറിയിച്ചിരിക്കുന്നവരും ഒന്നിലധികം തവണകളായി തുക നൽകുന്നവരുമായാണു കരാർ വയ്ക്കുക. സമയബന്ധിതമായി പണം ലഭിക്കുന്നുവെന്നും നിർമാണം പൂർത്തിയാകുന്നുവെന്നും ഉറപ്പു വരുത്താനാണിത്. എത്രയും വേഗം പദ്ധതിയുടെ നിർമാണം തുടങ്ങാനാണു തവണ വ്യവസ്ഥ ഏർപ്പെടുത്തുന്നത്.
സ്പോൺസർമാർക്കായി പ്രത്യേക ഓൺലൈൻ പോർട്ടൽ ഉടൻ ആരംഭിക്കും. ഇതുവഴിയാകും സഹായവാഗ്ദാനങ്ങൾ ഏകോപിപ്പിക്കുക. ഓരോ സ്പോൺസർക്കും ഒരു യുണീക് ഐഡി നൽകും. ടൗൺഷിപ് പദ്ധതിയുടെ പ്രവർത്തനപുരോഗതി സ്പോൺസർക്കു വിലയിരുത്താനും ഇതുവഴി കഴിയും. സ്പോൺസർമാരുടെ പേരുകൾ രണ്ടു ടൗൺഷിപ്പിലും ഒരിടത്തു രേഖപ്പെടുത്തും. വീടു നിർമാണത്തിനു സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലാകും സൂക്ഷിക്കുക. സിഎംഡിആർഎഫിൽ വയനാടിനായി ലഭിച്ച തുക കൂടി ഈ അക്കൗണ്ടിലേക്കു മാറ്റുന്നത് ആലോചനയിലുണ്ട്. ടൗൺഷിപ്പിന്റെ നിർമാണം ഏൽപിക്കുന്നതിനായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി സർക്കാർ വൈകാതെ കരാർ വയ്ക്കും. ഇതിനുള്ള കരട് തയാറായിട്ടുണ്ട്. വൻതോതിൽ വീടുകൾ വാഗ്ദാനം ചെയ്തിരുന്ന സ്പോൺസർമാരുമായുള്ള ചർച്ച കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയതിന്റെ തുടർച്ചയായി ഇന്നു മറ്റു സ്പോൺസർമാരുമായും ചർച്ചയുണ്ട്. ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.