ചതിച്ചു: സി.കെ. ശ്രീധരന് രൂക്ഷവിമർശനം
Mail This Article
പെരിയ ∙ ഇരട്ടക്കൊലക്കേസിൽ കൃപേഷ്– ശരത്‌ലാൽ കുടുംബങ്ങളുടെയും കോൺഗ്രസിന്റെയും നീക്കങ്ങൾ സിപിഎമ്മിനു ചോർത്തി നൽകിയതായി അഭിഭാഷകൻ സി.കെ.ശ്രീധരനെതിരെ വിമർശനം. കെപിസിസി മുൻ വൈസ്പ്രസിഡന്റ് കൂടിയായ ശ്രീധരൻ കേസിൽ തുടക്കംമുതൽ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിനൊപ്പംനിന്നു രേഖകളും കേസ് വിവരങ്ങളും കൈക്കലാക്കിയ ശേഷം സിപിഎമ്മിലേക്കു കാലുമാറിയെന്നാണ് ആരോപണം.
സിപിഎമ്മിൽ ചേർന്നശേഷം ശ്രീധരൻ പെരിയ കേസിലെ 9 പ്രതികൾക്കുവേണ്ടി കോടതിയിൽ ഹാജരാവുകയും ചെയ്തു. കേസ് നടത്തിപ്പിനു കുടുംബവും കോൺഗ്രസ് പ്രവർത്തകരും കൊച്ചിയിലെത്തുമ്പോൾ ശ്രീധരനും ഒപ്പമുണ്ടായിരുന്നു. സിബിഐ അന്വേഷണത്തിനു വലിയ പ്രസക്തിയില്ലെന്നു പറഞ്ഞ് ഒഴിയാനാണ് അന്നും ശ്രീധരൻ ശ്രമിച്ചതെന്നു കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു. ശ്രീധരൻ ഒറ്റുകാരനാണെന്നും പാപഭാരത്തിൽനിന്ന് അദ്ദേഹത്തിന് ഒഴിയാനാവില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
‘വീട്ടിൽ വന്ന് കേസുമായി ബന്ധപ്പെട്ട രേഖകൾ അദ്ദേഹം കൊണ്ടുപോയി. പ്രതികൾക്കു വേണ്ടി കേസ് വാദിക്കാനാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നത്. ഞങ്ങളുടെ മക്കൾക്കുവേണ്ടി കേസ് വാദിച്ചാൽ പണം കിട്ടില്ലെന്ന് അദ്ദേഹത്തിനറിയാം. ഞങ്ങളെയും മക്കളെയും ശ്രീധരൻ ഒറ്റി. – ശരത് ലാലിന്റെ അച്ഛൻ സത്യനാരായണനും കൃപേഷിന്റെ അച്ഛൻ പി.വി.കൃഷ്ണനും പറഞ്ഞു.