ടി.പി കേസ് നിലപാട് പെരിയയിലും; സിപിഎം ഇരട്ടത്താപ്പിന് കനത്തപ്രഹരം
Mail This Article
കോഴിക്കോട് ∙ കൊലപാതകികളെ പരസ്യമായി തള്ളിപ്പറയുക; അതേസമയം, പണവും നിയമസഹായവും നൽകി പിന്തുണയ്ക്കുക. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ അതേ നിലപാടാണ് പെരിയ കേസിലും സിപിഎം ആവർത്തിച്ചത്. എന്നിട്ടും നേതാക്കൾ അടക്കമുള്ളവരെ രക്ഷിച്ചെടുക്കാൻ കഴിയാതിരുന്നത് ഇരട്ടത്താപ്പിനുള്ള കനത്ത പ്രഹരമായി. പെരിയ ഇരട്ടക്കൊലക്കേസിലും ടിപി വധക്കേസിലും പാർട്ടിക്കാർ ശിക്ഷിക്കപ്പെട്ടപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറിമാർ ഒരേ വിശദീകരണമാണു നൽകിയത്. ‘പാർട്ടി ഗൂഢാലോചന നടത്തിയിട്ടില്ലെന്നു തെളിഞ്ഞു’ എന്ന്. അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനും ഇന്നത്തെ സെക്രട്ടറി എം.വി.ഗോവിന്ദനും ഒരേ വാചകങ്ങൾ ആവർത്തിക്കുമ്പോൾ ‘ഇവരൊന്നും പാർട്ടിയല്ലെങ്കിൽ പിന്നെ ആരാണു പാർട്ടി?’ എന്ന ചോദ്യവും ആവർത്തിക്കപ്പെടുന്നു.
പ്രദേശത്തെ സിപിഎം മേധാവിത്വം ചോദ്യം ചെയ്യപ്പെട്ടതാണ് വടകരയിൽ ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെയും പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തുന്നതിൽ എത്തിയത്. കൊലപാതകങ്ങൾക്കു ദിവസങ്ങൾക്കു മുൻപു രണ്ടിടത്തും സിപിഎം നേതാക്കളുടെ കൊലവിളി പ്രസംഗങ്ങളുണ്ടായി. ബൈക്കിൽ സഞ്ചരിച്ച ഇരകളെ മറ്റൊരു വാഹനംകൊണ്ട് ഇടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ കൊലപാതകത്തിനു പോലുമുണ്ടായിരുന്നു ക്രൂരതയിൽ സാമ്യം. ചന്ദ്രശേഖരന് 51 വെട്ടെങ്കിൽ ശരത് ലാലിന് 20 വെട്ട്.
ടിപി കേസിൽ ഉന്നത സിപിഎം നേതൃത്വത്തിന്റെ ഇടപെടൽ വെളിച്ചത്തു കൊണ്ടുവരാൻ പ്രഖ്യാപിച്ച ഗൂഢാലോചന അന്വേഷണം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ അട്ടിമറിക്കപ്പെട്ടു. പെരിയ കേസിൽ സിബിഐ വരാതിരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നു വലിയ ഇടപെടലുകളുണ്ടായി.
ടിപി കേസ് പ്രതികൾക്കു ശിക്ഷയിളവ് നൽകാനുള്ള നീക്കം വിവാദമായപ്പോൾ പിൻവലിക്കുകയായിരുന്നു. മുഖ്യ പ്രതികളിലൊരാളായ കൊടി സുനിക്ക് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിന്റെ മറപിടിച്ചാണ് കഴിഞ്ഞ ദിവസം പരോൾ അനുവദിച്ചത്. പെരിയ കേസിൽ പ്രതികളുടെ കുടുംബത്തിനു നിയമസഹായവുമായി എത്തിയതും പാർട്ടി തന്നെ.