ADVERTISEMENT

തിരുവനന്തപുരം∙ കേരള നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് ജനുവരി ഏഴിനു 10.30നു നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ സ്പീക്കർ എ.എൻ.ഷംസീറിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കല, സാഹിത്യ, സാംസ്കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ അവാർഡ് ലഭിച്ച പ്രമുഖ എഴുത്തുകാരൻ എം.മുകുന്ദന് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിക്കും.

ജനുവരി 13 വരെ നീളുന്ന പുസ്തകോത്സവത്തിൽ 250ലധികം സ്റ്റാളുകളിലായി മലയാള മനോരമ ഉൾപ്പെടെ 150ലധികം പ്രസാധകർ പുസ്തക പ്രദർശനവും വിൽപനയും നടത്തും. സ്റ്റാളുകൾ 7നു രാവിലെ 9നു സ്പീക്കർ  ഉദ്ഘാടനം ചെയ്യും. പാനൽ ചർച്ചകൾ, സംഭാഷണങ്ങൾ, എഴുത്തുകാർ പങ്കെടുക്കുന്ന സംവാദങ്ങൾ, സ്മൃതി സന്ധ്യ, കവിയരങ്ങ്, കഥയരങ്ങ്, കഥാപ്രസംഗം എന്നിങ്ങനെ എഴുപതിലധികം അനുബന്ധ പരിപാടികളും അരങ്ങേറും.

350ലേറെ പുസ്തകങ്ങളുടെ പ്രകാശനത്തിനും അറുപതിലധികം പുസ്തക ചർച്ചകൾക്കും പുസ്തകോത്സവം വേദിയാകും. ദിവസവും വൈകിട്ട് 7നു ‘മലയാള മനോരമ’ ഉൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ മെഗാഷോ സംഘടിപ്പിക്കും.

കുട്ടികൾക്കായി ‘സ്റ്റുഡന്റ്സ് കോർണർ’ എന്ന പ്രത്യേക വേദി സജ്ജീകരിക്കുന്നതാണ് ഇത്തവണത്തെ സവിശേഷതകളിലൊന്ന്. വിദ്യാർഥികൾക്ക് അവർ രചിച്ച പുസ്തകങ്ങൾ പ്രകാശനം ചെയ്യാനുള്ള വേദികൂടിയായി ഇതു മാറും. ഒരുലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണു പ്രതീക്ഷ. മാജിക് ഷോ, ക്വിസ് മത്സരം, വിവിധ ഗെയിമുകൾ എന്നിവയും അവർക്കായി ഒരുങ്ങുന്നു.  വിദ്യാർഥികൾക്കു നിയമസഭാ ഹാൾ, മ്യൂസിയം, മൃഗശാല എന്നിവിടങ്ങളിലെ സൗജന്യ സന്ദർശനവും കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസിൽ നഗരക്കാഴ്ചയും ക്രമീകരിച്ചിട്ടുണ്ട്.

സ്റ്റാളിൽനിന്നുള്ള 100 രൂപയിൽ കുറയാത്ത ഓരോ പർച്ചേസിനും നറുക്കെടുപ്പിലൂടെ പുസ്തക കൂപ്പൺ സമ്മാനമായി നൽകും. ദിവസവും 20 വിജയികൾക്ക് 500 രൂപയുടെ കൂപ്പണാണു നൽകുക. ഫുഡ്കോർട്ട്, സെൽഫി പോയിന്റ് എന്നിവയുമുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ കർണാടക സ്പീക്കർ യു.ടി.ഖാദർ, സാഹിത്യകാരൻ ദേവദത്ത് പട്നായിക് എന്നിവരും സമാപനച്ചടങ്ങിൽ അഭിനേതാക്കളായ പ്രകാശ് രാജ്, ഇന്ദ്രൻസ് എന്നിവരും മുഖ്യാതിഥികളായി പങ്കെടുക്കും.

English Summary:

Kerala Legislative Assembly International Book Festival: A literary extravaganza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com