ഉമ തോമസ് കുറിച്ചു: ‘വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും’; പ്രതീക്ഷയായി എംഎൽഎയുടെ കുറിപ്പ്
Mail This Article
കൊച്ചി ∙ ‘വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും’– ആശുപത്രിയിലെ ഐസിയുവിൽനിന്നു പ്രതീക്ഷയായി ഉമ തോമസ് എംഎൽഎയുടെ കുറിപ്പ്. ശരീരത്തിനു കഠിനമായ വേദനയുണ്ടെങ്കിലും ഇന്നലെ ഉമ എഴുന്നേറ്റിരുന്നു. തുടർന്നു മക്കളോടു പറയാനുള്ള കാര്യങ്ങളെഴുതി കൈമാറി.പാലാരിവട്ടം പൈപ്‌ലൈൻ ജംക്‌ഷനിലെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാരണക്കോടത്തെ വാടകവീട്ടിലാണ് ഉമയും മക്കളും താമസിച്ചിരുന്നത്. അറ്റകുറ്റപ്പണിക്കു ശേഷം സ്വന്തം വീട്ടിലേക്കു മാറാനിരിക്കുമ്പോഴായിരുന്നു അപകടം.
വീട്ടിലേക്കു മാറുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഓർമിപ്പിച്ചാണു കുറിപ്പെഴുതിയത്. വാടകവീട്ടിൽനിന്ന് എല്ലാ സാധനങ്ങളും എടുക്കാൻ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലിഷിലുമായി എഴുതിയിട്ടുണ്ട്. കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ വീണു പരുക്കേറ്റ് റിനൈ മെഡിസിറ്റി ആശുപത്രിയിൽ കഴിയുന്ന ഉമ ആദ്യമായാണു കിടക്കയിൽ എഴുന്നേറ്റിരിക്കുന്നതും എഴുതുന്നതും. 2 ദിവസത്തിനകം വെന്റിലേറ്റർ സഹായം ഒഴിവാക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.