മുണ്ടക്കൈ–ചൂരൽമല പുനരധിവാസം രണ്ടാംഘട്ട പട്ടികയ്ക്കു മാനദണ്ഡങ്ങളായി; ഒറ്റപ്പെട്ടുപോയ വീടുകളെയും ഉൾപ്പെടുത്തും
Mail This Article
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനു രണ്ടാംഘട്ട പട്ടിക തയാറാക്കാൻ മാർഗനിർദേശങ്ങളായി. ദുരന്തഭൂമിയിൽ വാസയോഗ്യമാണെന്ന് (ഗോ സോൺ) ജോൺ മത്തായി സമിതി കണ്ടെത്തിയ പ്രദേശങ്ങളിലുള്ളതും എന്നാൽ വാസയോഗ്യമല്ലാത്ത(നോ ഗോ സോൺ) പ്രദേശങ്ങളിലൂടെ മാത്രം എത്തിപ്പെടാൻ കഴിയുന്നതുമായ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താനും തീരുമാനമായി.
വാസയോഗ്യമല്ലാത്ത (നോ ഗോ സോൺ) പ്രദേശങ്ങളിലുള്ളവരെയും രണ്ടാംഘട്ടത്തിൽ പുനരധിവസിപ്പിക്കും. പട്ടിക തയാറാക്കേണ്ട ചുമതല മാനന്തവാടി സബ് കലക്ടർക്കാണ്. ഇതിനായി റേഷൻ കാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥലപരിശോധന നടത്തും. കെഎസ്ഇബി, തദ്ദേശവകുപ്പിന്റെ ഹരിതമിത്രം ആപ്, സഞ്ജയ ആപ് എന്നിവയിലെ ജിയോ റഫറൻസ് വിവരങ്ങളും പട്ടിക തയാറാക്കുന്നതിന് ഉപയോഗിക്കും. പഞ്ചായത്ത് അധികൃതർ നേരത്തേ തയാറാക്കിയ പട്ടികയുമായി ഒത്തുനോക്കിയ ശേഷം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് സബ് കലക്ടർ രണ്ടാംഘട്ട പട്ടികയുടെ കരട് പ്രസിദ്ധീകരിക്കുക.
ഒറ്റപ്പെട്ടുപോയ വീടുകളിൽ താമസിക്കുന്നവരുടെ പട്ടികയും ഇതേ മാതൃകയിൽ തയാറാക്കണമെന്ന് ഉത്തരവിൽ പറയുന്നു.