അന്ന് ഞാൻ...; കലോത്സവവേദിയിൽ വന്ന്, പിന്നീട് താരങ്ങളായി മാറിയവർ അന്നു വേദിയിൽ അവതരിപ്പിച്ച ഇനം ഓർമിച്ചെടുക്കുന്നു
Mail This Article
കെ.ജെ.യേശുദാസ്
‘1958ൽ പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നിന്നു വായ്പാട്ടിൽ ഹിന്ദോള രാഗത്തിലുളള ‘മാമവതുശ്രീ സരസ്വതി...’ എന്ന കീർത്തനമാണു പാടിയത്. ശാസ്ത്രീയ സംഗീതത്തിൽ എനിക്ക് ഒന്നാം സ്ഥാനം കിട്ടിയപ്പോൾ മൃദംഗത്തിൽ ഒന്നാം സ്ഥാനം ഗായകൻ പി.ജയചന്ദ്രനായിരുന്നു. സമാപന വേദിയിൽ ഞങ്ങൾ ഒരുമിച്ചുള്ള പ്രകടനവുമുണ്ടായിരുന്നു’.
കെ.എസ്.ചിത്ര
1978ൽ തൃശൂരിൽ ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം എനിക്കു നേടിത്തന്നത് ‘ഓടക്കുഴലേ... ഓടക്കുഴലേ...’ എന്നു തുടങ്ങുന്ന പാട്ടാണ്. സംഗീത സംവിധായകൻ എം.ജി.രാധാകൃഷ്ണൻചേട്ടൻ ചിട്ടപ്പെടുത്തിയ പാട്ടു പഠിപ്പിച്ചതും അദ്ദേഹം തന്നെ. എഴുതിയത് ഒഎൻവി.
ഗിന്നസ് പക്രു
മോണോ ആക്ടിൽ ത്രേതായുഗത്തിലെ സീത ശ്രീരാമനെന്ന ഭർത്താവിനെ പൂർണമായി അനുസരിച്ചു കഴിയുന്നതും നവയുഗ സീത ഭർതൃവീട്ടിലെ സാഹചര്യങ്ങളോടു ശക്തമായി പോരടിക്കുന്നതും അഭിനയിച്ചു. കഥാപ്രസംഗത്തിന്റെ പേര് ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്നതായിരുന്നു. മതവർഗീയതയ്ക്കെതിരെയുള്ള കഥ.
മഞ്ജു വാരിയർ
ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, കുച്ചിപ്പുഡി, കഥകളി, വീണ, തമിഴ് പദ്യം ചൊല്ലൽ... ഇതെല്ലാമായിരുന്നു എന്റെ ഇനങ്ങൾ. 1991, 92, 93, 95 വർഷങ്ങളിൽ. ഭരതനാട്യത്തിൽ ‘മോഹനകൃഷ്ണാ...’ എന്നു തുടങ്ങുന്ന കീർത്തനം. മോഹിനിയാട്ടത്തിലെ കീർത്തനം ഏതായിരുന്നെന്ന് മറന്നു. പക്ഷേ, ഹുസൈനി രാഗം ആയിരുന്നു. അതെനിക്കോർമയുണ്ട്.
എം.ജയചന്ദ്രൻ
നീരമങ്കര എംഎംആർഎച്ച്എസ്എസിൽ പഠിക്കുമ്പോൾ 1983 മുതൽ 1985 വരെ സമ്മാനം നേടി. ലളിതഗാനത്തിൽ, ഗുരു പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് പഠിപ്പിച്ച ‘കാലകമല മന്വന്തര’ എന്ന ഗാനമാണു പാടിയത്. അടുത്ത വർഷം ശാസ്ത്രീയ സംഗീതത്തിൽ രണ്ടാം സ്ഥാനം പങ്കിട്ടതു ഞാനും ശ്രീവത്സൻ ജെ.മേനോനുമാണ്. ‘നിന്നെ നമ്മി നാനു സദാ’ എന്ന കൃതിയാണു ഞാൻ പാടിയത്.
സുജാത മോഹൻ
1974ൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനം. പുകഴേന്തി സംഗീതം നൽകിയ ‘ഇന്നത്തെ മോഹനസ്വപ്നങ്ങളെ ഈയാം പാറ്റകളേ...’ എന്ന ഗാനമാണ് ആലപിച്ചത്. പദ്യം ചൊല്ലലിൽ വള്ളത്തോളിന്റെ ‘എന്റെ ഗുരുനാഥൻ’ എന്ന കവിതയാണ് ചൊല്ലിയത്.
മന്ത്രി വീണാ ജോർജ്
1992ൽ തിരൂരിൽ മോണോ ആക്ട്, ഒന്നാം സ്ഥാനം. ‘കൗരവസഭയിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പാഞ്ചാലിയുടെ ദീനരൗദ്ര അവസ്ഥയാണ് അവതരിപ്പിച്ചത്. തൊട്ടുമുൻപുള്ള വർഷം കാസർകോട് കർണന്റെയും കുന്തീദേവിയുടെയും കഥ. അതിനു രണ്ടാം സ്ഥാനം.
ഇ.ടി.മുഹമ്മദ് ബഷീർ
1962ൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം. അന്നു ചാലിയം ഇമ്പിച്ചി ഹൈസ്കൂൾ വിദ്യാർഥി. ‘വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും...’ എന്ന കുഞ്ഞുണ്ണിമാഷിന്റെ കവിതാശകലത്തിൽ നിന്നു പ്രസംഗം തുടങ്ങി. വിധികർത്താക്കളിൽ അതാ ഇരിക്കുന്നു പ്രസംഗകുലപതി സുകുമാർ അഴീക്കോട് !
പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്
1958ൽ ശാസ്ത്രീയ സംഗീതമായിരുന്നു ഇനം. ‘പാഹി ജഗജ്ജനനി’ എന്നു തുടങ്ങുന്ന കൃതിയാണ് ആലപിച്ചത്. അന്നു സമ്മാനം ലഭിച്ചതു കെ.ജെ.യേശുദാസിന്. എനിക്ക് ആദ്യമായി ഒന്നാം സ്ഥാനം കിട്ടുന്നത് 1960ൽ കോഴിക്കോട്ട്. കല്യാണി രാഗത്തിലെ ഒരു കൃതിയായിരുന്നു അതെന്നാണ് ഓർമ.
ശരത്
അന്നെന്റെ പേര് സുജിത് വി.ഐ. റെയിൽവേ സ്റ്റേഷനിൽ കേട്ട ഒരു പാട്ട് ആരോ റെക്കോർഡ് ചെയ്തു കൊണ്ടുവന്നു തന്നു. എം.ജി. രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ ‘സാരസാക്ഷ പരിപാലയ പാടിയ...’ എന്ന ഗാനം. അതിന് ഒന്നാം സ്ഥാനം കിട്ടി. സമ്മാനം ട്രെയിൻ കയറി വരികയായിരുന്നു എന്നും പറയാം.