ബിജെപി സംഘടനാ തിരഞ്ഞെടുപ്പ് 15ന് മുൻപ്: പ്രസിഡന്റാകാൻ തലപ്പത്ത് നിർണായക കരുനീക്കം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന പ്രസിഡന്റിനെയും ദേശീയ കൗൺസിൽ അംഗങ്ങളെയും 15ന് മുൻപ് തീരുമാനിക്കാനായി സംഘടനാ തിരഞ്ഞെടുപ്പ് നടപടിയിലേക്കു ബിജെപി കടന്നതോടെ, നേതൃമാറ്റത്തിന് അവസാനശ്രമവുമായി എതിർപക്ഷം.
ശോഭ സുരേന്ദ്രൻ ഒറ്റയ്ക്കും പി.കെ.കൃഷ്ണദാസും എ.എൻ.രാധാകൃഷ്ണനും ചേർന്നും ഡൽഹിയിലെത്തി ദേശീയ നേതാക്കളെ കണ്ടതു നേതൃമാറ്റം ആവശ്യപ്പെട്ടാണെന്നാണ് പാർട്ടിക്കുള്ളിലെ ചർച്ച. മറ്റ് ആവശ്യങ്ങൾക്കായാണ് ഡൽഹിയിലെത്തിയതെന്നു വിശദീകരിക്കുന്നുണ്ടെങ്കിലും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ പേരുകൾ ഇവർ നേതൃത്വത്തോടു നിർദേശിച്ചെന്നാണ് വിവരം.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കാണ് കേരളത്തിലെ പ്രസിഡന്റിന്റെയും ദേശീയ കൗൺസിൽ അംഗങ്ങളെയും കണ്ടെത്തേണ്ട ചുമതല. അദ്ദേഹം വൈകാതെ കേരളത്തിലെത്തും. പുതിയ വ്യവസ്ഥ പ്രകാരം ഒരു ടേം കാലാവധിയായ 3 വർഷം കഴിഞ്ഞ് പ്രസിഡന്റായി തുടരുന്നയാൾക്കും രണ്ടാം ടേമിലേക്കു മത്സരിക്കാം. കെ.സുരേന്ദ്രൻ 5 വർഷം പ്രസിഡന്റ് പദവിയിൽ പൂർത്തിയാക്കിയെങ്കിലും അത് രണ്ടു ടേമുകളായി പരിഗണിക്കില്ല.
പി.കെ.കൃഷ്ണദാസ് പക്ഷം എം.ടി.രമേശിന്റെ പേര് ശക്തമായി മുന്നോട്ടുവയ്ക്കുന്നു. പാർട്ടിയിൽ കെ.സുരേന്ദ്രനെക്കാളും സീനിയറായ എം.ടി.രമേശിന് അവസരം കൊടുക്കണമെന്ന നിർദേശം നേരത്തേതന്നെ ആർഎസ്എസും പറഞ്ഞിരുന്നു. ശോഭ സുരേന്ദ്രനും സംസ്ഥാന പ്രസിഡന്റ് പദത്തിൽ താൽപര്യമുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ പേര് ചില മുതിർന്ന നേതാക്കൾ പറഞ്ഞെങ്കിലും അദ്ദേഹം താൽപര്യക്കുറവ് പ്രകടിപ്പിച്ചെന്നാണ് അറിയുന്നത്. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായെങ്കിലും രാജീവ് ചന്ദ്രശേഖറെ പരിഗണിക്കണമെന്ന ആവശ്യവും ദേശീയ നേതൃത്വത്തിന്റെ മുന്നിലുണ്ട്.
2026 വരെ കെ.സുരേന്ദ്രൻ പ്രസിഡന്റായി തുടരാനുള്ള സാധ്യതയ്ക്കാണു മുൻതൂക്കം. ലോക്സഭാ തിരഞ്ഞെടുപ്പിൽ 20% വോട്ടിലേക്കുള്ള കുതിപ്പും ഒരു സീറ്റ് നേടാനായതും കെ.സുരേന്ദ്രന്റെ നേട്ടമായി ദേശീയ നേതൃത്വം വിലയിരുത്തുന്നു. 14 ജില്ലാ കമ്മിറ്റികളെ 30 ജില്ലാ കമ്മിറ്റികളായി വിഭജിക്കാൻ നേതൃത്വം നിർദേശിച്ചതും സുരേന്ദ്രനോടാണ്. ദേശീയ പ്രസിഡന്റ് സ്ഥാനാർഥിക്ക് വോട്ടു ചെയ്യേണ്ട ദേശീയ കൗൺസിൽ അംഗങ്ങൾ 36 പേരാണ് കേരളത്തിൽ. ഇവരിൽ പകുതിപ്പേരെ മാറ്റിയേക്കും.