ADVERTISEMENT

തിരുവനന്തപുരം ∙ വനം നിയമഭേദഗതിയുടെ മറവിൽ വനം ഉദ്യോഗസ്ഥർക്ക് പൊലീസ് ഉദ്യോഗസ്ഥരുടേതിനു തുല്യമായ അധികാരം നൽകാൻ നീക്കമെന്ന് ആക്ഷേപം. കരടു ബില്ലിന്റെ മലയാള പരിഭാഷ നിയമസഭാ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചതോടെ കർഷകരുടെ ആശങ്ക പെരുകുകയാണ്. വനം കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്നവരെ മജിസ്ട്രേട്ടിന്റെ ഉത്തരവില്ലാതെയോ വാറണ്ടില്ലാതെയോ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വയ്ക്കാനുമുള്ള അധികാരം നൽകുന്നതാണ് കരടു ബില്ലിലെ 63– ാം വകുപ്പിൽ പുതുതായി ഉൾപ്പെടുത്തിയ വ്യവസ്ഥകൾ.

വനം വകുപ്പിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ഈ വ്യവസ്ഥകൾ ഉദ്യോഗസ്ഥർ ആയുധമാക്കാൻ സാധ്യതയുണ്ടെന്നാണ് കർഷക സംഘടനകളുടെ ആശങ്ക. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർക്കും സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർക്കുമാണ് അനിയന്ത്രിത അധികാരങ്ങൾ നൽകുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരെ എത്രയും വേഗം അടുത്ത പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്നും കരടിൽ പറയുന്നു. വനം ഉദ്യോഗസ്ഥർക്ക് അനിയന്ത്രിതമായ അധികാരം നൽകുന്ന വകുപ്പുകൾ മൂടിവയ്ക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ് വനം വകുപ്പ് തുടക്കം മുതൽ ശ്രമിച്ചതെന്നാണ് ആരോപണം.

വനം സംബന്ധിച്ച കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു സംശയിക്കപ്പെടുന്നവർ പേരും താമസ സ്ഥലവും വെളിപ്പെടുത്താൻ വിസമ്മതിച്ചാൽ പോലും വനം ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാനാകും. ബിൽ നിയമമായാൽ മനുഷ്യ– വന്യജീവി സംഘർഷങ്ങളുണ്ടാകുമ്പോൾ വനം വകുപ്പിനെതിരെ പ്രതിഷേധിക്കുന്നവരെ ‘കൈകാര്യം’ ചെയ്യാൻ പുതിയ വ്യവസ്ഥകൾ വനം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് കർഷക സംഘടനകളുടെ ആരോപണം.

കരട് ബില്ലിലെ 2 വ്യവസ്ഥകൾ

1.
വനം സംബന്ധിച്ച കുറ്റം ചെയ്തതായി സംശയിക്കപ്പെടുന്നവർ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു മുൻപാകെ ഹാജരാകില്ലെന്നും കുറ്റത്തിന് മറുപടി നൽകില്ലെന്നും ബോധ്യപ്പെട്ടാൽ മജിസ്ട്രേ‌ട്ടിന്റെ ഉത്തരവില്ലാതെയോ, വാറണ്ടില്ലാതെയോ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വയ്ക്കാനും ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ പദവിയിൽ കുറയാത്ത വനം ഉദ്യോഗസ്ഥന് അല്ലെങ്കി‍ൽ പൊലീസ് ഉദ്യോഗസ്ഥനും കഴിയും.

2. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറുടെ പദവിയിൽ കുറയാത്ത വനം ഉദ്യോഗസ്ഥനെയോ, മറ്റ് ഉദ്യോഗ്സഥരെയോ തടസ്സപ്പെടുത്തുകയോ, അല്ലെങ്കിൽ ആ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടുകയോ ചെയ്യുന്നയാളെ മജിസ്ട്രേട്ടിന്റെ ഉത്തരവില്ലാതെയോ വാറണ്ടില്ലാതെയോ അറസ്റ്റ് ചെയ്യാനോ, തടങ്കലിൽ വയ്ക്കാനോ കഴിയും.

നിലവിൽ

കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുന്നവർക്കെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനം ഉദ്യോഗസ്ഥർക്ക് കഴിയില്ല. പൊലീസിനു മാത്രമാണ് ഇതിനുള്ള അധികാരം. വനം ഉദ്യോഗസ്ഥർ പൊലീസിന് ഇതു സംബന്ധിച്ച് പരാതി നൽകുമ്പോഴാണ് പൊലീസ് കേസെടുക്കുന്നതും തടഞ്ഞവരെ അറസ്റ്റ് ചെയ്യുന്നതും.

നിർദേശങ്ങൾ 10 വരെ

വനം നിയമഭേദഗതി ബിൽ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും സർക്കാരിനെ അറിയിക്കാനുള്ള തീയതി ഇൗ മാസം 10 വരെ നീട്ടിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. മനോരമ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. നേരത്തേ നിശ്ചയിച്ചിരുന്ന സമയപരിധി കഴിഞ്ഞ മാസം 31 വരെയായിരുന്നു. ബില്ലിന്റെ മലയാളം പകർപ്പ് നിയമസഭാ വെബ്സൈറ്റിൽ ലഭ്യമാകാൻ താമസിച്ചതിനാലാണ് കാലാവധി നീട്ടിയതെന്നും മന്ത്രി പറഞ്ഞു. പ്രസിദ്ധീകരിച്ച ബിൽ www.niyamasabha.org വെബ്സൈറ്റിൽ ലഭ്യമാണ്.

അയയ്ക്കേണ്ട വിലാസം: അഡിഷനൽ ചീഫ് സെക്രട്ടറി, വനം -വന്യജീവി വകുപ്പ്, റൂം നമ്പർ 660, മൂന്നാം നില, സൗത്ത് ബ്ലോക്ക്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -695001

Email id:prlsecy.forest@kerala.gov.in

English Summary:

Kerala Forest Law Amendment: Move to grant police powers to forest officials sparks farmer concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com