കാറിടിച്ച് യുവാവിന്റെ മരണം: നഷ്ടപരിഹാരം 1.26 കോടി
Mail This Article
തൊടുപുഴ ∙ കാറിടിച്ചു യുവാവു മരിച്ച കേസിൽ നഷ്ടപരിഹാരമായി 1.26 കോടി രൂപ ആശ്രിതർക്കു നൽകാൻ കോടതിവിധി. കരിങ്കുന്നം നടുക്കണ്ടം പുതിയാത്ത് വീട്ടിൽ ഡിജോ പി.ജോസ് (39) മരിച്ച കേസിലാണു വിധി. 2022 ഒക്ടോബർ 2നു രാത്രി 7.30നു വീടിനു മുന്നിൽ നിൽക്കുമ്പോൾ അമിതവേഗത്തിൽ എത്തിയ കാർ ഡിജോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡിജോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മരിച്ച ഡിജോയുടെ അമ്മയും ഭാര്യയും 2 കുട്ടികളും വാദികളായും ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ, വാഹന ഉടമ, ഇൻഷുറൻസ് കമ്പനി എന്നിവരെ എതിർകക്ഷികളാക്കിയും തൊടുപുഴ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിൽ (എംഎസിടി) നൽകിയ ഹർജിയിലാണു വിധി.
-
Also Read
പെരിയ കേസ് വിധി:കോൺഗ്രസ് അപ്പീൽ നൽകും
വാഹനാപകടത്തിൽ മരിച്ചയാളുടെ പ്രായവും പരുക്കിന്റെ ഗൗരവവും പരിഗണിച്ചാണു നഷ്ടപരിഹാരമായി 1,26,97,000 രൂപയും ഹർജി ഫയൽ ചെയ്ത അന്നു മുതൽ 7 ശതമാനം പലിശയും കൊടുക്കാൻ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയോട് എംഎസിടി ജഡ്ജി ആഷ് കെ.ബാൽ വിധിച്ചത്. വാദികൾക്കായി അഭിഭാഷകരായ എം.എം.തോമസ് മുണ്ടയ്ക്കാട്ട്, അരുൺ ജോസ് തോമസ് മുണ്ടയ്ക്കാട്ട് എന്നിവർ ഹാജരായി.