ബെയ്‌ലി പാലം കടന്ന് വേദിയിലേക്ക്...
Mail This Article
ചൂരൽമല (വയനാട്) ∙ വെള്ളാർമല സ്കൂളിലെ നാടക ടീം ഇന്നു തിരുവനന്തപുരത്തേക്കു പോവുകയാണ്. യാത്ര പുറപ്പെടും മുൻപ്, ഉരുളെടുത്ത സ്വന്തം നാടു കാണാൻ അവർ ഒരിക്കൽകൂടിയെത്തി. കുട്ടികൾ നാടകം കളിച്ചിരുന്ന സ്റ്റേജ് വെള്ളാർമല സ്കൂളിനൊപ്പം ഒലിച്ചുപോയതാണ്. ചൂരൽമലയിലെ ബെയ്‌ലി പാലത്തിൽ നിന്നാൽ സ്കൂൾ കെട്ടിടത്തിന്റെ അസ്ഥികൂടം കാണാം. ആ രാത്രിമഴക്കാലത്തെ മറക്കാൻ ശ്രമിച്ച് കൈകോർത്തുപിടിച്ച് നാടക ടീം ബെയ്‌ലി പാലത്തിലൂടെ നടന്നു. വെള്ളാർമല സ്കൂളിൽനിന്ന് ആദ്യമായാണു സംസ്ഥാന കലോത്സവത്തിനു നാടക ടീം പോകുന്നത്.
ജില്ലാ കലോത്സവത്തിൽ കാണികളുടെ കയ്യടി നേടിയെങ്കിലും ലഭിച്ചത്, എ ഗ്രേഡോടെ രണ്ടാം സ്ഥാനം. അപ്പീൽ വഴിയാണു സംസ്ഥാന കലോത്സവത്തിനെത്തിയത്. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയാണ് നാടകമാക്കി അവതരിപ്പിക്കുന്നത്. പ്രധാന കഥാപാത്രമായ നായയുടെ വേഷമണിയുന്ന അമൽജിത് ഉൾപ്പെടെയുള്ള സംഘാംഗങ്ങളുടെ ഉള്ളിലെല്ലാം ഉരുൾപൊട്ടലോർമയുണ്ട്. അമൽജിത്തിന്റെ വീട്ടിൽ വളർത്തിയിരുന്ന നായ്ക്കളും ഒലിച്ചുപോയിരുന്നു. മണ്ണിൽ പുതഞ്ഞുപോയ അമൽജിത്തിനെ രക്ഷിക്കുന്നതിനിടെ അച്ഛൻ ബൈജുവിനും സഹോദരി സൽനയ്ക്കും പരുക്കേറ്റു.
വീടും നഷ്ടപ്പെട്ടു. വി.കെ.അയാൻ, മുഹമ്മദ് അൻസിൽ, കെ.ആർ.നിരഞ്ജൻ, സായൂജ് ആർ.നായർ, പി.വി.നിവേദിത, എ.വി.വൈഗ എന്നിവരും വേഷമിടുന്നുണ്ട്. ആർ.അർച്ചന, അനുഷ് സത്യൻ, എം.ബി.അനന്യ എന്നിവർ പിന്നണിയിൽ. ഏഴിനു മൂന്നാം വേദിയിലാണ് വെള്ളാർമല എച്ച്എസിന്റെ നാടകം.