വനനിയമ ഭേദഗതി പ്രതിഷേധം അടിച്ചമർത്താനോ?
Mail This Article
തിരുവനന്തപുരം ∙ വനം സംബന്ധമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായി സംശയിക്കുന്നവരെ മജിസ്ട്രേട്ടിന്റെ ഉത്തരവും വാറന്റും ഇല്ലാതെ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വയ്ക്കാനുമുള്ള വ്യവസ്ഥ വനനിയമ ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയത് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം.
വന്യജീവി ആക്രമണമുണ്ടാകുമ്പോഴും മറ്റും വനംവകുപ്പ് ഓഫിസുകൾക്കു മുന്നിൽ പ്രതിഷേധിക്കുന്നവർക്കെതിരെ ഈ വ്യവസ്ഥ ആയുധമാക്കുമെന്നാണ് ആശങ്ക. ബീറ്റ് ഫോറസ്റ്റ് ഓഫിസർ തൊട്ട് മുകളിലേക്കുള്ളവർക്കാണ് ഈ അധികാരം. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കമാണെന്ന ആക്ഷേപമാണ് കർഷക സംഘടനകൾക്ക്.
ഒരാളെ അറസ്റ്റ് ചെയ്താൽ കാലതാമസം കൂടാതെ ഫോറസ്റ്റ്, പൊലീസ് സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കണമെന്ന് ഭേദഗതിയുടെ 63–ാം വകുപ്പിലെ വ്യവസ്ഥകൾ (മൂന്നാം ഉപവകുപ്പ്) വ്യക്തമാക്കുന്നു. പൊലീസിന്റെ അധികാരം വനം ജീവനക്കാർക്കും നൽകുന്നതിനെക്കുറിച്ച് 52–ാം വകുപ്പിലെ ഒന്നാം ഉപവകുപ്പിലും സൂചിപ്പിക്കുന്നുണ്ട്. വനം ഉദ്യോഗസ്ഥനോ പൊലീസ് ഉദ്യോഗസ്ഥനോ കുറ്റാരോപിതനോട് രേഖകൾ ആവശ്യപ്പെടാനും വാഹനം തടഞ്ഞു പരിശോധിക്കാനും വീട്ടിൽ അടക്കം തിരച്ചിൽ നടത്താനും അധികാരം ലഭിക്കും.
കരടു ബില്ലിലെ പുതിയ വ്യവസ്ഥകൾ പ്രകാരമുള്ള എല്ലാ അറസ്റ്റുകളും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത നടപടി ക്രമത്തിന് അനുസൃതമാണെന്നും ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.