ആൻ രാജകുമാരീ, സ്വർഗത്തിൽ സന്തോഷിക്കുക
Mail This Article
തിരുവനന്തപുരം∙ കലോത്സവയാത്രയ്ക്കു വീടു പൂട്ടിയിറങ്ങുംനേരം റോയി ജോർജുകുട്ടിയും ഭാര്യ സിന്ധുവും മകൻ റിതുലും എന്തോ മറന്നതു പോലെ നിന്നു. ഇതുപോലെ ഒരുമിച്ചുള്ള കലോത്സവ കുടുംബയാത്രകളുടെ ഉത്സാഹം മകൾ ആൻ റിഫ്തയായിരുന്നു. ഒരു പിൻവിളി പോലെ, അവളില്ലാത്ത കലോത്സവയാത്രയുടെ നഷ്ടബോധം.
2023 നവംബറിൽ കുസാറ്റിലെ ഹാളിൽ സംഗീതപരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ടു മരിച്ചവരിലൊരാൾ... ആൻ റിഫ്ത, ചവിട്ടുനാടക കലാകാരി. ‘ഞാൻ അവളെ രാജകുമാരിയെന്നാണു വിളിച്ചിരുന്നത്. അവളില്ലാത്തതിനാൽ ഇതിനിറങ്ങേണ്ട എന്നു തീരുമാനിച്ചിരുന്നു. പക്ഷേ, ഞാനിവിടെ കുട്ടികളെ ഒരുക്കുന്നതു കണ്ട് അവൾ സ്വർഗത്തിൽ സന്തോഷിക്കുന്നുണ്ടാകും’ – ചവിട്ടുനാടകരംഗത്തു പരിചയസമ്പത്തുള്ള അണ്ണാവി (ആശാൻ) റോയി പറയുന്നു.
40 വർഷമായി ചവിട്ടുനാടകത്തിന്റെ വീണ്ടെടുപ്പിനു ശ്രമിക്കുന്ന ഈ എറണാകുളം കുറുമ്പത്തുരുത്ത് സ്വദേശിയുടെ ശിഷ്യരായി വിവിധ സ്കൂളുകളിൽനിന്ന് ഇത്തവണ കലോത്സവവേദിയിലേറിയത് 160 കുട്ടികൾ!
അച്ഛന്റെ സഹായിയായാണ് അഭിനേതാവു കൂടിയായ റിതുൽ എത്തിയത്. ‘രാജകുമാരിയായും തോഴിയായുമൊക്കെ കുട്ടികളെ ഒരുക്കുമ്പോൾ മേക്കപ്പിട്ടു നിൽക്കുന്ന പെങ്ങളെ ഓർമ വരും’ – റിതുലിന്റെ വാക്കുകൾ.
റോയി ചിട്ടപ്പെടുത്തിയ ജൊവാൻ ഓഫ് ആർക്, കാറൽസ്മാൻ, വിശുദ്ധ ഗീവർഗീസ്, സെന്റ് സെബാസ്റ്റ്യൻ നാടകങ്ങളിൽ ആൻ റിഫ്ത വേഷമിട്ടിരുന്നു. പുതിയ നാടകം ‘മാക്ബത്ത്’ മകൾക്കുള്ള സമർപ്പണം. മനസ്സിലെ സങ്കടമകറ്റാൻ റോയി പാടുന്ന ഒരു പാട്ടുണ്ട് : ‘മങ്കളം ! നിത്യജയ ആദികടവുളോനെ, മങ്കളം നംസ്തുതേ മങ്കളം മങ്കളം..!’
നാടകത്തിനൊടുവിൽ അണ്ണാവിയും അഭിനേതാക്കളും ഒരുമിച്ചു പാടുന്ന മംഗളസ്തുതി. ലോകത്തിൽ നിന്നു വിട പറഞ്ഞവർക്കും ജീവിച്ചിരിക്കുന്നവർക്കും മംഗളം ഭവിക്കട്ടെയെന്ന പ്രാർഥന!