‘പോർമുഖ’ പരിശീലനവും കഴിഞ്ഞ് കരുത്തോടെ കോസ്റ്റൽ പൊലീസ്
Mail This Article
കൊച്ചി∙ രാജ്യത്തിന്റെ തീരസുരക്ഷ ശക്തമാക്കാൻ കേരള കോസ്റ്റൽ പൊലീസിനു കേന്ദ്ര സേനകളുടെ സഹകരണത്തോടെ ‘പോർമുഖ’ പരിശീലനം നൽകി. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ അടുത്ത 5 വർഷത്തേക്കു കോസ്റ്റൽ പൊലീസിൽ നിന്നു സ്ഥലം മാറ്റില്ല. കടലിലെ രക്ഷാപ്രവർത്തനം, അടിസ്ഥാന നാവിക പരിശീലനം, ഇന്റലിജൻസ് ശേഖരണം എന്നിവയിലാണ് നാവിക സേന, കോസ്റ്റ് ഗാർഡ്, ബിഎസ്എഫ്, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) എന്നിവ പരിശീലനം നൽകിയത്. കൊച്ചി നാവിക താവളത്തിലും ഗുജറാത്ത് ഓഖ നാഷനൽ മറൈൻ പൊലീസ് അക്കാദമിയിലും നാവിക സേനയുടെ കപ്പലുകളിലും ഒരുമിച്ചുള്ള പരിശീലനവും ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചുമതല ഒഴിഞ്ഞ കോസ്റ്റൽ പൊലീസ് എഐജി: ജി.പൂങ്കുഴലി സമർപ്പിച്ച കർമപദ്ധതി പ്രകാരമാണു പരിശീലനം. കേരളത്തിലെ 18 കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളിലെ 21 ഇന്റർസെപ്റ്റർ ബോട്ടുകളും പ്രവർത്തന സജ്ജമാക്കി ദിവസവും കടലിലുള്ള പട്രോളിങ്ങും ഉറപ്പാക്കി.