കലോത്സവം ഇന്നു സമാപിക്കും: കപ്പിനായി പൊരിഞ്ഞ പോരാട്ടം!
Mail This Article
തിരുവനന്തപുരം∙ സ്വർണക്കപ്പിനായുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിന്റെ സൂപ്പർ ക്ലൈമാക്സുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നു സമാപനം. നിലവിലെ ജേതാക്കളായ കണ്ണൂരും ഒപ്പം, കോഴിക്കോടും തൃശൂരും കപ്പിനായി കുതിക്കുമ്പോൾ അവസാന മത്സരവും കടന്ന് അപ്പീലുകളുടെ ഫലം വരെ കാത്തിരിക്കേണ്ടി വരും. മത്സരങ്ങളെല്ലാം ഉച്ചയ്ക്കു രണ്ടോടെ പൂർത്തിയാകുമെന്നും അപ്പീലുകൾ 3.30നു മുൻപു തീർപ്പാക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
5നാണ് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ (എംടി – നിള) സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. നടൻമാരായ ആസിഫ് അലിയും ടൊവിനോ തോമസുമാണു മുഖ്യാതിഥികൾ. ജേതാക്കൾക്കുള്ള സ്വർണക്കപ്പും മാധ്യമ പുരസ്കാരങ്ങളും മന്ത്രി വി.ശിവൻകുട്ടി സമ്മാനിക്കും. സ്വർണക്കപ്പ് രൂപകൽപന ചെയ്ത ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നൽകുന്ന പഴയിടം മോഹനൻ നമ്പൂതിരിയെയും ആദരിക്കും. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിക്കും. സ്പീക്കർ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.