ഇപിഎഫ്ഒ അയയ്ക്കുന്ന സന്ദേശം നിയമവിരുദ്ധം: എൻ.കെ. പ്രേമചന്ദ്രൻ
Mail This Article
കൊല്ലം ∙ ഉയർന്ന വേതനത്തിന്റെ അടിസ്ഥാനത്തിലുള്ള പെൻഷനുള്ള അപേക്ഷകൾ തൊഴിലുടമകൾക്ക് അയച്ചിട്ടുണ്ടെന്നും ഈ മാസം 31 നു മുൻപ് തൊഴിലുടമ വിവരങ്ങൾ നൽകിയില്ലെങ്കിൽ അപേക്ഷ നിരസിക്കുമെന്നും കാട്ടി അപേക്ഷകർക്ക് ഇപിഎഫ്ഒ അധികൃതർ സന്ദേശം അയയ്ക്കുന്നതു കോടതിയലക്ഷ്യ നടപടികളിൽ നിന്നു രക്ഷ നേടാനുള്ള കുറുക്കു വഴിയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. ഉയർന്ന പെൻഷൻ അനുവദിച്ച് അടിയന്തരമായി ഉത്തരവിറക്കണമെന്നു പ്രേമചന്ദ്രൻ കേന്ദ്ര തൊഴിൽ മന്ത്രിയോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം മന്ത്രിയെ കണ്ടു വിവരങ്ങൾ ധരിപ്പിക്കുമെന്നും പറഞ്ഞു.
ഇപിഎഫ്ഒ ആവശ്യപ്പെട്ട രേഖകൾ ജനുവരി 31 നു മുൻപ് തൊഴിലുടമകൾ ഹാജരാക്കിയില്ലെങ്കിൽ പെൻഷൻ നിഷേധിക്കുമെന്ന സന്ദേശം ആയിരക്കണക്കിനു പെൻഷൻകാർക്കാണു ലഭിച്ചത്. ഇതു നിയമ വിരുദ്ധമാണ്. നിയമാനുസൃതമായി ലഭിക്കേണ്ട പെൻഷൻ തൊഴിലുടമയുടെ വീഴ്ചയെന്നു പറഞ്ഞു നിഷേധിക്കാനുളള ഇപിഎഫ്ഒ നടപടി ദുരൂഹമാണ്. ഇതു സുപ്രീം കോടതി വിധിയുടെയും 1995 ലെ എംപ്ലോയീസ് പെൻഷൻ സ്കീമിന്റെയും നഗ്നമായ ലംഘനമാണെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.
2022 നവംബർ 4 ലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതിരിക്കുകയും ഉത്തരവിനു വിരുദ്ധമായ സർക്കുലറുകളും കത്തുകളും നൽകുകയും ചെയ്യുന്ന നടപടി കോടതി വിധിയുടെ ലംഘനമാണ്. തൊഴിലാളികളുടെ വിവരങ്ങൾ പൂർണമായി നൽകിയ അപേക്ഷകൾ പോലും കാരണം കൂടാതെ തൊഴിലുടമയ്ക്കു മടക്കി നൽകിയ ശേഷം അപേക്ഷ തൊഴിലുടമയുടെ പക്കലാണെന്നു വെബ്സൈറ്റിൽ രേഖപ്പെടുത്തുകയാണ് ഇപിഎഫ്ഒ ചെയ്യുന്നത്.
നീതീകരണമില്ലാത്ത പ്രോ-റേറ്റാ പെൻഷൻ സംവിധാനം കൊണ്ടു വന്നു നിയമപരമായ പെൻഷൻ ആനുകൂല്യം നിഷേധിക്കുന്നു. കുടിശിക പെൻഷനു വരുമാന നികുതി ഇളവ് അനുവദിക്കണമെന്ന ആവശ്യം പോലും ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിൽ കൊണ്ടുവരാൻ ഇപിഎഫ്ഒയ്ക്കു കഴിഞ്ഞിട്ടില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.