ADVERTISEMENT

തലശ്ശേരി ∙ ‘‘എല്ലാ അമ്മമാർക്കും വേണ്ടി ഞാൻ കേണപേക്ഷിക്കുകയാണ്... ഈ രാഷ്്ട്രീയക്കൊലവിളി ഇനിയെങ്കിലും അവസാനിപ്പിക്കണം. എല്ലാവരും കത്തി താഴെവയ്ക്കണം. എന്നെപ്പോലെയുള്ള അമ്മമാർ പ്രസവിച്ച മക്കളെയാണു കൊല്ലും കൊലയും നടത്തുന്നതെന്നു മനസ്സിലാക്കണം. രാഷ്ട്രീയം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അതിനെന്തിനാണ് കൊലക്കത്തിയെടുക്കുന്നത്? കത്തിയുമായി കൊലവിളിച്ചാൽ രാഷ്ട്രീയം മുന്നോട്ടുപോകുമോ?’’ 19 കൊല്ലം മുൻപു രാഷ്ട്രീയക്കൊലക്കത്തിക്കിരയായ മകനെയോർത്തു നീറിക്കഴി‍ഞ്ഞ ഒരമ്മയുടെ അപേക്ഷയാണിത്.

ബിജെപി-ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കണ്ണൂർ കണ്ണപുരം ചുണ്ടയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ആലിച്ചി ഹൗസിൽ റിജിത്ത് ശങ്കരന്റെ അമ്മ ജാനകി ജില്ലാ കോടതിമുറ്റത്തുനിന്നു വിതുമ്പിപ്പറഞ്ഞ വാക്കുകളാണിത്. റിജിത്ത് വധക്കേസിൽ കുറ്റക്കാർക്കു ശിക്ഷ വിധിക്കുന്നതു കേൾക്കാനെത്തിയതായിരുന്നു ജാനകി.

‘‘കുറ്റക്കാരിൽ അജേഷിനെയും ജയേഷിനെയും എനിക്കറിയാം. എന്റെ വീട്ടുമുറ്റത്തു റിജിത്തിനൊപ്പം കളിച്ചുവളർന്നവർ. എന്തിനാ അവരിങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല. നരിക്കോട്ടുനിന്ന് സുധാകരൻ എന്ന ആൾ വന്നശേഷമാണ് ഇവിടെ പ്രശ്നങ്ങൾ തുടങ്ങിയത്. മോനും സുഹൃത്തുക്കളും ജോലി കഴിഞ്ഞു വരുമ്പോഴാണു കൊലപ്പെടുത്തിയത്. ഓൻ പോയശേഷം ഞാൻ ജോലിക്കുപോയിട്ടില്ല. നൂൽനൂൽക്കുന്നപണിയായിരുന്നു. മോന് 3 വയസ്സുള്ളപ്പോൾ തുടങ്ങിയതാണ്.

22 കൊല്ലം പണിയെടുത്തു. അന്നും ഞാൻ ജോലിക്കുപോയിരുന്നു. രാത്രിയാണ് മോന്റെ വിവരമറിഞ്ഞത്. പിന്നെ ഞാൻ വീട്ടിൽനിന്ന് അപൂർവമേ പുറത്തിറങ്ങിയിട്ടുള്ളൂ. നാട്ടിലെ ഒരു പരിപാടിക്കും പങ്കെടുത്തിട്ടില്ല. ഒഴിച്ചുകൂടാനാവാത്തതിൽ മുഖം കാണിച്ചുപോരും. നഷ്ടപ്പെട്ടതൊന്നും തിരിച്ചുകിട്ടില്ലല്ലോ.

‘‘നീതി കിട്ടിയതിൽ ആശ്വാസമുണ്ട്. സന്തോഷിക്കാൻ എന്റെ മനസ്സ് അനുവദിക്കില്ല. ശിക്ഷാകാലം കഴിഞ്ഞാൽ ഇതൊക്കെ ചെയ്തവർ ജയിലിൽനിന്നു തിരിച്ചുവരില്ലേ? അവർക്കിനിയും ഇവിടെ ജീവിക്കാം. ന്റെ മോൻ ഈ ലോകത്തിലില്ലല്ലോ. ഓന്റെ ജീവിതം തിരിച്ചുകിട്ടില്ലല്ലോ. ന്റെ മരണം വരെ ഞാൻ നീറിനീറി ജീവിക്കും’ – 72 വയസ്സുള്ള ജാനകി പറഞ്ഞു.

English Summary:

Rijith Shankaran Murder Case: A Mother's unending pain after 19 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com